കോഴിക്കോട് മെഡിക്കൽ കോളജിൽ തീപിടിത്തം, കാഷ്വാലിറ്റിയിൽ ഉണ്ടായിരുന്ന രോഗികൾക്ക് അസ്വാസ്ഥ്യം

കോഴിക്കോട് :
മെഡിക്കൽ കോളജ് കാഷ്വാലിറ്റിയിൽ തീപിടിത്തം. കാഷ്വാലിറ്റിയിലെ യുപിഎസ് റൂമിലാണ് തീപിടിത്തം ഉണ്ടായത്. രാത്രി എട്ടുമണിയോടെ പെട്ടെന്ന് കനത്ത പുക കാഷ്വാലിറ്റിയിൽ പടർന്നതോടെയാണ് തീപിടിത്തം ശ്രദ്ധയിൽപ്പെട്ടത്.
തുടർന്ന് കാഷ്വാലിറ്റിക്കകത്തെ രോഗികൾക്ക് അസ്വാസ്ഥ്യം അനുഭവപ്പെട്ടു. ഇതോടെ മെഡിക്കൽ കോളജ് പാലീസും ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ഡോക്ടർമാരും സന്നദ്ധപ്രവർത്തകരും രോഗികളുടെ കൂട്ടിരിപ്പുകാരും ചേർന്ന് രോഗികളെ ഉടനടി പുറത്തെത്തിച്ചു. തീ കത്തുന്ന സമയത്ത് നിരവധി രോഗികൾ കാഷ്വാലിറ്റിയിൽ ഉണ്ടായിരുന്നു.
സംഭവമറിഞ്ഞ് വെള്ളിമാടുകുന്ന്, ബീച്ച് തുടങ്ങിയ സ്ഥലങ്ങളിൽ നിന്നും ഫയർ യൂണിറ്റുകൾ സ്ഥലത്തെത്തി. ഏറെ നേരത്തെ പരിശ്രമത്തിന് ശേഷം തീ നിയന്ത്രണ വിധേയമാക്കി. തീപിടിത്തം ശ്രദ്ധയിൽപ്പെട്ട ഉടനെ രോഗികളെ കാഷ്വാലിറ്റിയിൽ നിന്നും പുറത്തെത്തിക്കാൻ സാധിച്ചതിനാൽ ആർക്കും പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ഷോർട്ട് സർക്യൂട്ട് ആണ്. തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ഫയർ യൂണിറ്റും പൊലീസും പരിശോധന നടത്തുന്നുണ്ട്.