കോന്നി കല്ലേലിയിൽ കാട്ടാന ആക്രമണം; എസ്റ്റേറ്റ് ജീവനക്കാരന് പരിക്ക്

പത്തനംതിട്ട:
കോന്നി കല്ലേലിയിൽ കാട്ടാനയുടെ ആക്രമണത്തിൽ എസ്റ്റേറ്റ് ജീവനക്കാരന് പരിക്ക്. അസിസ്റ്റൻ്റ് ഫീൽഡ് ഓഫീസർ കലഞ്ഞൂർ സ്വദേശി വിദ്യാധരൻ പിള്ളയ്ക്കാണ് പരിക്കേറ്റത്. പരിക്കേറ്റ വിദ്യാധരൻപിള്ളയെ പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിച്ചു.
ഇന്ന് രാവിലെ ആറരയോടെ എസ്റ്റേറ്റില്‍ ജോലിക്ക് എത്തിയപ്പോഴായിരുന്നു അക്രമണം ഉണ്ടായത്. കല്ലേലി റബർ ഡിവിഷൻ ഭാഗത്ത് വച്ചാണ് കാട്ടാനയുടെ ആക്രമണം ഉണ്ടായത്. അതേസമയം കല്ലേലി, കുളത്തുമൺ പ്രദേശങ്ങളിൽ കാട്ടാന ശല്യം വർധിക്കുകയാണ്.
കഴിഞ്ഞ ദിവസം രാത്രി കോന്നി കൊക്കാത്തോട് റോഡിലെ കല്ലേലിയിൽ കാട്ടാനകളിറങ്ങിയിരുന്നു. കല്ലേലിയിൽ നിന്നും കോന്നിയിലേക്ക് പോയ രണ്ട് യുവാക്കൾ കാട്ടാനകളുടെ മുന്നിൽ പെട്ടെങ്കിലും രക്ഷപെടുകയായിരുന്നു. കോന്നി കല്ലേലി നടുവത്തുംമൂഴിയിൽ കാട്ടാന പന മരം റോഡിലേക്ക് തള്ളിയിട്ടു.