പാലക്കാട് നിപ സ്ഥിരീകരിച്ച യുവതിയുടെ ബന്ധുക്കള്‍ ആശുപത്രിയില്‍

പാലക്കാട് :
തച്ചനാട്ടുകരയിൽ നിപ സ്ഥിരീകരിച്ച യുവതിയുടെ ബന്ധുവായ പത്തു വയസുകാരനെ കടുത്ത പനിയോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി പനി അനുഭവപ്പെട്ട കുട്ടിയെ മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലാണ് എത്തിച്ചിരിക്കുന്നത്. കുട്ടിയുടെ അമ്മയേയും നാലു മാസം പ്രായമുള്ള മറ്റൊരു കുട്ടിയേയും ആശുപത്രിയിൽ ആക്കിയിട്ടുണ്ട്.
നിപ സ്ഥിരീകരിച്ച ആളുടെ പ്രാഥമിക സമ്പർക്കപ്പട്ടികയിൽ ഉള്ളവരാണ് ഇവരെല്ലാം. രോഗം വരാനിടയായ സാഹചര്യത്തെക്കുറിച്ച് ആരോഗ്യ വകുപ്പ് അന്വേഷണമാരംഭിച്ചു. മഞ്ചേരി മെഡിക്കൽ കോളജിൽ നിന്നുള്ള വിദഗ്ധ സംഘം സ്ഥലത്തെത്തി.
തച്ചനാട്ടുകര പഞ്ചായത്തിലെ രണ്ടു വാർഡുകളിൽ സംഘം ഇന്ന് സർവേ നടത്തും. എല്ലാ വീടുകളിലും കയറിയാവും വിവരശേഖരണം. കഴിഞ്ഞ രണ്ടു മാസത്തിനുള്ളിൽ പനി ബാധിച്ചവരുടെ വിവരങ്ങളാണ് പ്രധാനമായും തേടുന്നത്. പ്രദേശത്ത് വവ്വാലുകൾ ധാരാളം ഉണ്ട്.