‘ഇന്ത്യക്കുണ്ടായ നഷ്ടങ്ങളുടെ ഒരു ഫോട്ടോ എങ്കിലും കാണിക്കൂ…’; ഓപ്പറേഷന് സിന്ദൂറില്‍ വിദേശ മാധ്യമങ്ങളെ ‘കുടഞ്ഞ്’ അജിത് ഡോവല്‍

അജിത് ഡോവൽ
ചെന്നൈ:
ഇന്ത്യയുടെ ഓപ്പറേഷന് സിന്ദൂറില്‍ ഒരുപിഴവുപോലും സംഭവിച്ചിട്ടില്ലെന്ന് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍. പാകിസ്ഥാന്റെ 13 വ്യോമതാവളങ്ങള്‍ തകര്‍ത്തു. ഒമ്പത് ഭീകരകേന്ദ്രങ്ങള്‍ നശിപ്പിച്ചു. ഓപ്പറേഷന് സിന്ദൂറില്‍ ഇന്ത്യയ്ക്ക് ഒരു നഷ്ടവുമുണ്ടായിട്ടില്ലെന്നും അങ്ങനെ സംവിച്ചതിന്റെ ഒരു ചിത്രമെങ്കിലും ഹാജരാക്കാനാകുമോയെന്നും വിദേശ മാധ്യമങ്ങളോട് അജിത് ഡോവല്‍ ചോദിച്ചു. മദ്രാസ് ഐഐടിയിലെ വിദ്യാര്‍ത്ഥികളെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യ ഉദ്ദേശിച്ച ഒരു ലക്ഷ്യം പോലും ആക്രമണത്തില്‍ നിന്ന് ഒഴിവായില്ല. അത്രകൃത്യമായിട്ടാണ് ആക്രമണം നടന്നത്. ഇന്ത്യയ്ക്ക് എന്തെങ്കിലും നാശനഷ്ടമുണ്ടായതിന്റെ ഒരു ഉപഗ്രഹ ചിത്രമെങ്കിലും ഹാജരാക്കാനും ഡോവല്‍ വെല്ലുവിളിച്ചു. തദ്ദേശീയ സാങ്കേതികവിദ്യ ഉപയോഗിച്ച് 23 മിനിറ്റിനുള്ളില്‍ ഇന്ത്യ പാകിസ്ഥാനിലെ 13 വ്യോമതാവളങ്ങളില്‍ കൃത്യമായി ആക്രമണം നടത്തി. ഇതൊക്കെ ഉപഗ്രഹ ചിത്രങ്ങളുടെ അടിസ്ഥാനത്തില്‍ പുറത്തുകൊണ്ടുവന്നവയാണ്.
എന്നാല്‍ വിദേശ മാധ്യമങ്ങള്‍ ഇക്കാര്യത്തില്‍ പക്ഷംപിടിച്ചാണ് വാര്‍ത്തകള്‍ കൊടുക്കുന്നത്. ഇന്ത്യയ്ക്ക് വലിയ നാശമുണ്ടായി എന്നാണ് പ്രചരിപ്പിക്കുന്നത്. അങ്ങനെ സംഭവിച്ചിട്ടുണ്ട് എങ്കില്‍ ഒരു ചിത്രമെങ്കിലും ഹാജരാക്കാന്‍ മാധ്യമങ്ങളെ ഡോവല്‍ വെല്ലുവിളിക്കുകയായിരുന്നു.
മെയ് 7 ന് ആരംഭിച്ച ഓപ്പറേഷൻ സിന്ദൂർ, ജമ്മു കശ്മീരിലെ പഹൽഗാമിൽ പാകിസ്ഥാൻ പിന്തുണയുള്ള ഭീകരാക്രമണത്തിൽ 26 പേർ കൊല്ലപ്പെട്ടതിനെത്തുടർന്ന് ഇന്ത്യ നടത്തിയ പ്രതികാര നടപടിയായിരുന്നു.
ബഹാവൽപൂരിലെ ജെയ്ഷെ മുഹമ്മദ് ആസ്ഥാനവും മുരിഡ്കെയിലെ ലഷ്കർ-ഇ-തൊയ്ബയുടെ പ്രധാന താവളവും ഉൾപ്പെടെ പാകിസ്ഥാൻ, പാക് അധിനിവേശ കശ്മീരിലെ ഒമ്പത് പ്രധാന ഭീകര കേന്ദ്രങ്ങൾ ഇന്ത്യൻ വ്യോമസേന ആക്രമിച്ചു.
ഇതിനു മറുപടിയായി, പാകിസ്ഥാൻ ഡ്രോൺ, മിസൈൽ ആക്രമണങ്ങൾ ഉപയോഗിച്ച് തിരിച്ചടിക്കാൻ ശ്രമിച്ചു, അതെല്ലാം ഇന്ത്യയുടെ വ്യോമ പ്രതിരോധ സംവിധാനങ്ങൾ തടഞ്ഞു.
സമീപകാലത്തെ ഏറ്റവും പ്രധാനപ്പെട്ട അതിർത്തി കടന്നുള്ള പ്രവർത്തനങ്ങളിലൊന്നായി അടയാളപ്പെടുത്തി, 11 പാകിസ്ഥാൻ വ്യോമതാവളങ്ങളിൽ ഇന്ത്യ നടത്തിയ ആക്രമണത്തിലാണ് സംഘർഷം കലാശിച്ചത്.