ശ്രീനഗറിലെ ഡാച്ചിഗാമിന് സമീപം സുരക്ഷാ സേന മൂന്ന് ഭീകരരെ വധിച്ചു

ശ്രീനഗറിനടുത്തുള്ള ഡാച്ചിഗാം വന പ്രദേശത്ത് സുരക്ഷാ സേനയുമായുണ്ടായ വെടിവയ്പ്പിൽ മൂന്ന് തീവ്രവാദികൾ കൊല്ലപ്പെട്ടു. പ്രദേശത്ത് വെടിയൊച്ച കേട്ടതിനെത്തുടർന്ന് ഇന്ത്യൻ സൈന്യവും ജമ്മു കശ്മീർ പോലീസും നടത്തിയ സംയുക്ത ഓപ്പറേഷന്റെ ഭാഗമായാണ് ഏറ്റുമുട്ടൽ നടന്നത്. കൊല്ലപ്പെട്ട മൂന്ന് തീവ്രവാദികളും പാകിസ്ഥാൻ ആസ്ഥാനമായുള്ള ഭീകര സംഘടനയായ ലഷ്കർ-ഇ-തൊയ്ബയുമായി ബന്ധമുള്ള വിദേശ പൗരന്മാരാണെന്ന് ഉന്നത രഹസ്യാന്വേഷണ വൃത്തങ്ങൾ സ്ഥിരീകരിച്ചു. ഒരു മാസത്തോളം നീണ്ടുനിന്ന ഇന്റലിജൻസ് അധിഷ്ഠിത ഓപ്പറേഷന്റെ ഫലമായാണ് ഏറ്റുമുട്ടൽ നടന്നതെന്നും പഹൽഗാമിൽ അടുത്തിടെ നടന്ന ഭീകരാക്രമണവുമായി ഇതിന് യാതൊരു ബന്ധവുമില്ലെന്നും സിഎൻഎൻ-ന്യൂസ് 18 നോട് രഹസ്യാന്വേഷണ വൃത്തങ്ങൾ വ്യക്തമാക്കി.
ആയുധങ്ങൾ കണ്ടെത്തുന്നതിനും തിരിച്ചറിയൽ രേഖകൾ സ്ഥിരീകരിക്കുന്നതിനുമായി വനമേഖലയിൽ തിരച്ചിൽ സുരക്ഷാ സേനയുടെ തിരച്ചിൽ പുരോഗമിക്കുകയാണ്.മൃതദേഹങ്ങൾ തിരിച്ചറിയുന്നതിനുള്ള നടപടികളും പുരോഗമിക്കുന്നു. ഏറ്റുമുട്ടൽ സ്ഥലത്ത് നിന്നുള്ള ചിത്രങ്ങൾ പകർത്താൻ ഡ്രോൺ ഫോട്ടോഗ്രാഫി ഉപയോഗിക്കുന്നുണ്ട്.കൊല്ലപ്പെട്ടവരുടെ ഐഡന്റിറ്റികൾ സ്ഥിരീകരിക്കുന്നതിനായി തീവ്രവാദികൾക്ക് അഭയം കൊടുത്തതിന്റെ പേരിൽ എൻഐഎ അടുത്തിടെ അറസ്റ്റ് ചെയ്ത രണ്ട് പേരെ ഈ ഫോട്ടോകൾ ഉടൻ കാണിക്കും.