മേഘവിസ്ഫോടനത്തെ തുടർന്ന് മിന്നല് പ്രളയം: ജമ്മു കശ്മീരില് 22 മരണം

ജമ്മു കശ്മീർ:
കിഷ്ത്വാർ ജില്ലയിലുണ്ടായ മേഘവിസ്ഫോടനത്തിൽ 22 പേർ മരിച്ചതായി ജമ്മു കശ്മീർ പൊലീസ്. കിഷ്ത്വാറിലെ മചൈൽ മാതാ തീർഥാടന കേന്ദ്രത്തിലേയ്ക്കുള്ള പാത ആരംഭിക്കുന്നിടത്താണ് മേഘവിസ്ഫോടനവും മിന്നൽ പ്രളയവുമുണ്ടായതെന്ന് അധികൃതർ പറഞ്ഞു. സംഭവത്തെ തുടർന്ന് ക്ഷേത്രത്തിലേയ്ക്ക് യാത്രാ നിരോധനം ഏൽപ്പെടുത്തിയതായി ഉദ്യോഗസ്ഥർ അറിയിച്ചു.
ചോസിതി പ്രദേശത്ത് ഉണ്ടായ വൻ മേഘവിസ്ഫോടനം, ഗണ്യമായ നാശനഷ്ടങ്ങൾക്ക് കാരണമായേക്കാമെന്നും ഭരണകൂടം ഉടൻ തന്നെ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും കേന്ദ്ര സഹമന്ത്രി ജിതേന്ദ്ര സിങ് പറഞ്ഞു. “രക്ഷാപ്രവർത്തന സംഘം ഉടൻ തന്നെ സംഭവ സ്ഥലത്തേക്ക് പുറപ്പെട്ടു. മെഡിക്കൽ വിദഗ്ദർ അടക്കം സംഭവസ്ഥലത്തേയ്ക്ക് പുറപ്പെട്ടിട്ടുണ്ട്. നാശനഷ്ടങ്ങൾ ഉടനടി വിലയിരുത്തും. സാധ്യമായ എല്ലാ സഹായങ്ങളും നൽകും.” കേന്ദ്ര സഹമന്ത്രി ജിതേന്ദ്ര സിങ് എക്സിൽ കുറിച്ചു.
ചോസിതി കിഷ്ത്വാറിലെ മേഘവിസ്ഫോടനത്തിൽ ഖേദം പ്രകടിപ്പിക്കുന്നു. കുടുംബങ്ങൾക്ക് അനുശോചനം അറിയിക്കുന്നു. രക്ഷാപ്രവർത്തനങ്ങൾ ശക്തിപ്പെടുത്താനും ദുരിതബാധിതർക്ക് സാധ്യമായ എല്ലാ സഹായവും നൽകുന്നുണ്ടെന്ന് ഉറപ്പാക്കാനും സിവിൽ, പൊലീസ്, സൈന്യം, എൻഡിആർഎഫ്, എസ്ഡിആർഎഫ് ഉദ്യോഗസ്ഥരോട് നിർദേശിച്ചിട്ടുണ്ട്’ -ജമ്മു കശ്മീർ ലഫ്റ്റനൻ്റ് ഗവർണർ മനോജ് സിൻഹ എക്സിൽ കുറിച്ചു.

മേഘവിസ്ഫോടനത്തിൽ ദുഃഖമുണ്ടെന്ന് ജമ്മു കശ്മീർ ഗവർണർ മനോജ് സിൻഹ പറഞ്ഞു. “ദുരിതമനുഭവിച്ചവരുടെ കുടുംബങ്ങൾക്ക് അനുശോചനം അറിയിക്കുകയും പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെ എന്ന് പ്രാർത്ഥിക്കുകയും ചെയ്യുന്നു.” രക്ഷാപ്രവർത്തനങ്ങൾ ശക്തിപ്പെടുത്താനും ദുരിതബാധിതർക്ക് സാധ്യമായ എല്ലാ സഹായങ്ങളും നൽകുന്നുണ്ടെന്ന് ഉറപ്പാക്കാനും അദ്ദേഹം സിവിൽ, പോലീസ്, ആർമി, എൻഡിആർഎഫ്, എസ്ഡിആർഎഫ് ഉദ്യോഗസ്ഥരോട് നിർദ്ദേശിച്ചു.