വിദ്യാർഥിയുടെ കർണപുടം തകർന്ന സംഭവം:അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി

തിരുവനന്തപുരം:
കാസർകോട് കുണ്ടംകുഴി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ വിദ്യാർഥിയുടെ കർണപുടം തകർന്ന സംഭവത്തിൽ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അന്വേഷണത്തിന് ഉത്തരവിട്ടു. കാസർകോട് ഡെപ്യൂട്ടി ഡയറക്ടർക്കാണ് അന്വേഷണ ചുമതല. വിദ്യാർഥികൾ തെറ്റുചെയ്താൽ നിയമം നോക്കി മാത്രമേ ശിക്ഷ നടപടികൾ സ്വീകരിക്കാവൂ എന്നും കുട്ടികളെ ഒരു കാരണവശാലും ഉപദ്രവിക്കരുതെന്നും മന്ത്രി മുന്നറിയിപ്പ് നൽകി.
പത്താം ക്ലാസ് വിദ്യാർഥിയായ അഭിനവ് കൃഷ്ണനാണ് പ്രധാനാധ്യാപകൻ അശോകൻ്റെ മർദനത്തെ തുടർന്ന് പരിക്കേറ്റത്. ഓഗസ്റ്റ് 11 ന് സ്കൂളിലെ അസംബ്ലിക്കിടെ കാലുകൊണ്ട് ചരൽ നീക്കിയതാണ് അധ്യാപകനെ പ്രകോപിപ്പിച്ചത്. താൻ ഒതുങ്ങി നിൽക്കാത്തതിനാലാണ് അധ്യാപകൻ അടിച്ചതെന്ന് കുട്ടി മാതാപിതാക്കളോട് പറഞ്ഞു.
അസംബ്ലി നടക്കുന്നതിനിടെ സ്റ്റേജിലേക്ക് വിളിച്ച് എല്ലാ വിദ്യാർഥികളുടെയും മുന്നിൽ വച്ച് കോളറിൽ പിടിച്ച് ചെവിയുടെ ഭാഗത്തേക്ക് അടിക്കുകയായിരുന്നു. പിന്നീട് അധ്യാപകൻ ചായ വാങ്ങിത്തന്നുവെന്നും പൊലീസ് വന്നപ്പോൾ തലകറങ്ങി വീണതാണെന്നാണ് താൻ പറഞ്ഞതെന്നും അഭിനവ് മാധ്യമങ്ങളോട് വ്യക്തമാക്കി.