ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ്: വോട്ട് രേഖപ്പെടുത്തി ഖാർഗെയും സോണിയയും രാഹുൽ ഗാന്ധിയും

 ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ്: വോട്ട് രേഖപ്പെടുത്തി ഖാർഗെയും സോണിയയും രാഹുൽ ഗാന്ധിയും

ന്യൂഡൽഹി:

ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ് ഇന്ന്. എൻഡിഎ സ്ഥാനാർത്ഥിയായി സി പി രാധാകൃഷ്ണനും ഇൻഡ്യാ സഖ്യത്തിന്റെ സ്ഥാനാർത്ഥിയായി ജസ്റ്റിസ് സുദർശൻ റെഡ്ഡിയുമാണ് മത്സരിക്കുന്നത്. തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള അവസാനവട്ട തന്ത്രങ്ങൾ ആവിഷ്കരിക്കാൻ എൻഡിഎ-ഇൻഡ്യാ മുന്നണികൾ ഡൽഹിയിൽ കഴിഞ്ഞ ദിവസം യോ​ഗം ചേർന്നിരുന്നു. കണക്കുകളിലെ മുൻതൂക്കം അനുകൂലമാക്കി മാറ്റാനുള്ള തന്ത്രങ്ങളാണ് എൻഡിഎ മുന്നണി ആസൂത്രണം ചെയ്തിരിക്കുന്നത്.

പ്രതിപക്ഷ വോട്ടുകൾ പരമാവധി സമാഹരിച്ച് ശക്തി തെളിയിക്കാനുള്ള നീക്കമാണ് ഇൻഡ്യാ മുന്നണി നടത്തുന്നത്. ബിആർഎസും ബിജെഡിയും വോട്ടെടുപ്പിൽ നിന്ന് വിട്ടുനിൽക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ പ്രതിപക്ഷ സഖ്യം ലക്ഷ്യം വെയ്ക്കുന്ന ക്രോസ് വോട്ടുകൾക്കുള്ള സാധ്യത കുറഞ്ഞിട്ടുണ്ടെന്നാണ് വിലയിരുത്തൽ. ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ് ഫലത്തിൽ അട്ടിമറി പ്രതീക്ഷിക്കുന്നില്ലെങ്കിലും ക്രോസ് വോട്ടുകൾ ഉണ്ടാകുമോ, അങ്ങനെയെങ്കിൽ അത് എവിടെ നിന്നാണ് ചോർന്നത് തുടങ്ങിയ കാര്യങ്ങൾ മുന്നണികൾ സൂക്ഷ്മമായി നിരീക്ഷിക്കും. പാർലമെൻ്റിൻ്റെ ഇരുസഭകളിലെയും അംഗങ്ങൾ രഹസ്യ ബാലറ്റ് വഴിയാണ് ഉപരാഷ്ട്രപതിയെ തെരഞ്ഞെടുക്കുന്നത്.

ജഗ്‌ദീപ് ധൻഖറിന്റെ അപ്രതീക്ഷിത രാജിയെ തുടർന്നാണ് ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. രണ്ട് ദക്ഷിണേന്ത്യക്കാർ പരസ്പരം ഏറ്റുമുട്ടുന്നുവെന്ന പ്രത്യേകതയും ഇത്തവണത്തെ തിരഞ്ഞെടുപ്പിനുണ്ട്. 

രാവിലെ 10 മണിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ആദ്യം വോട്ട് രേഖപ്പെടുത്തിയത്. വോട്ടെടുപ്പ് ആരംഭിക്കുന്നതിന് മുമ്പ്, എല്ലാ എൻ‌ഡി‌എ എംപിമാരും രാവിലെ 9.30 ന് ഒരു പ്രഭാതഭക്ഷണ യോഗത്തിൽ പങ്കെടുത്തു. ലോക്‌സഭയിലെ 542 അംഗങ്ങളും രാജ്യസഭയിലെ 239 അംഗങ്ങളും വോട്ട് രേഖപ്പെടുത്തും. വോട്ടെണ്ണൽ വൈകുന്നേരം 6 മണിക്ക് ആരംഭിക്കും.

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News