പിപി തങ്കച്ചന് വിട ; സംസ്‌കാരം നാളെ

 പിപി തങ്കച്ചന് വിട  ;    സംസ്‌കാരം നാളെ

എറണാകുളം:

 അന്തരിച്ച മുൻ മന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ പിപി തങ്കച്ചന് വിട നല്‍കാനൊരുങ്ങി നാട്. മൃതദേഹം ഇന്ന് രാവിലെ 10 മണിയോടെ ആലുവ രാജഗിരി ആശുപത്രിയിൽ നിന്ന് പെരുമ്പാവൂരിലെ വീട്ടിലെത്തിക്കും. രാവിലെ 11 മുതൽ വീട്ടില്‍ പൊതുദര്‍ശനം ഉണ്ടായിരിക്കും.

പ്രധാന നേതാക്കളെല്ലാം അന്ത്യാഞ്ജലി അർപ്പിക്കാൻ വീട്ടിലെത്തും. വീട്ടില്‍ അല്ലാതെ മറ്റിടങ്ങളില്‍ പൊതു ദർശനമില്ല. തങ്കച്ചൻ്റെ ആ​ഗ്രഹ പ്രകാരമാണ് പൊതുദർശനം ഒഴിവാക്കിയത്.

നാളെ (സെപ്‌റ്റംബര്‍ 13) ഉച്ചകഴിഞ്ഞ് അകപ്പറമ്പ് യാക്കോബായ സുറിയാനി കത്തീഡ്രൽ വലിയ പള്ളിയിലാണ് സംസ്‌കാരം. ഇന്നലെ വൈകുന്നേരം 4.30നാണ് പിപി തങ്കച്ചൻ അന്തരിച്ചത്. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു അദ്ദേഹം.

1992ൽ കേരളത്തിൽ നിന്ന് ആദ്യമായി സഭാസ്‌പീക്കർമാരുടെ സ്റ്റാൻഡിങ് കമ്മിറ്റിയിലേക്ക് നോമിനേറ്റ് ചെയ്യപ്പെട്ട വ്യക്തിയാണ്. 1995ൽ എകെ ആൻ്റണി മന്ത്രിസഭയിൽ കൃഷിമന്ത്രിയായിരുന്നപ്പോൾ കൃഷിക്ക് സൗജന്യ വൈദ്യുതി നൽകാനുള്ള സുപ്രധാന തീരുമാനം എടുത്തതും ഇദ്ദേഹമാണ്.

അങ്കമാലി നായത്തോട് പൈനാടത്ത് പരേതനായ ഫാ. പൗലോസിൻ്റെ മകനായി 1939 ജൂലൈ 29നാണ് ജനിച്ചത്. നിയമബിരുദവും പൊതുഭരണത്തിൽ ഡിപ്ലോമയും നേടിയ ശേഷം അങ്കമാലിയിൽ അഡ്വ. ഇട്ടി കുര്യൻ്റെ ജൂനിയറായി അഭിഭാഷകവൃത്തി ആരംഭിച്ചു. പിന്നീട് പൊതുപ്രവർത്തനരംഗത്തേക്ക് കടന്നുവന്നു. പാത്രിയാർക്കിസ് ബാവയിൽ നിന്ന് യാക്കോബായ സഭയുടെ കമാൻഡർ പദവി ലഭിച്ചിട്ടുണ്ട്. ടിവി തങ്കമ്മയാണ് ഭാര്യ. മൂന്ന് മക്കളുണ്ട്.

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News