മെഡിക്കൽ കോളജിൽ ഉപകരണ പ്രതിസന്ധിമൂലം വീണ്ടും ശസത്രക്രിയകൾ മുടങ്ങി

തിരുവനന്തപുരം:
മെഡിക്കൽ കോളജിൽ ഉപകരണ പ്രതിസന്ധിമൂലം വീണ്ടും ശസത്രക്രിയകൾ മുടങ്ങി. യൂറോളജി വിഭാഗത്തിലാണ് പ്രതിസന്ധി. വൃക്കയിലെ കല്ല് നീക്കം ചെയ്യുന്ന ശസ്ത്രക്രിയ ഉപകരണം ഇല്ലാത്തതിനാൽ യൂറോളജി വിഭാഗത്തിലാണ് ശസ്ത്രക്രിയകൾ നിർത്തിയത്. ഫ്ളെക്‌സിബിൾ യൂറിട്ടറോസ്‌കോപ് എന്ന ഉപകരണമില്ലാത്തതിനാൽ വൃക്കയിലെ കല്ല് നീക്കം ചെയ്യുന്ന ശസ്ത്രക്രിയയാണ് മുടങ്ങിയത്. ഇന്ന് യൂറോളജി ഒ പി ഉണ്ടായിരുന്നെങ്കിലും ശസ്ത്രക്രിയകൾ നടന്നില്ല. എന്നാൽ എത്ര ശസ്ത്രക്രിയകളാണ് മുടങ്ങിയതെന്ന കണക്കുകൾ ആശുപത്രി അധികൃതരും വ്യക്തമാക്കിയിട്ടില്ല.
ഫ്‌ളെക്‌സിബിൾ യൂറിട്ടറോസ്‌കോപ് കഴിഞ്ഞ ഒക്ടോബർ മുതൽ ലഭ്യമല്ലാത്തതിനാൽ രോഗികളിൽ നിന്നു പണപ്പിരിവ് നടത്തി ഉപകരണം വാങ്ങിയായിരുന്നു ശസ്ത്രക്രിയ നടത്തിയിരുന്നത്. എന്നാൽ ഇത്തരത്തിൽ പണപ്പിരിവ് നടത്തി ഉപകരണങ്ങൾ വാങ്ങരുതെന്ന് മന്ത്രി നിർദേശം നൽകിയതോടെയാണ് വീണ്ടും പ്രതിസന്ധി ഉണ്ടായത്. ഈ ഉപകരണം വാങ്ങിനൽകണമെന്ന് പലതവണ വകുപ്പ് മേധാവിയായ ഡോ. ഹാരിസ് ചിറക്കൽ ആശുപത്രി മേധാവികൾക്ക് കത്തു നൽകിയിട്ടുണ്ടെന്നാണ് വിവരം. എന്നാൽ ഇന്ന് തന്നെ ഉപകരണം എത്തിക്കാനുള്ള ശ്രമങ്ങൾ നടത്തുകയാണെന്ന് മെഡിക്കൽ കോളേജ് പ്രിൻസിപ്പലും വ്യക്തമാക്കിയത്.