നടന്‍മാരായ പൃഥ്വിരാജിൻ്റെയും ദുല്‍ഖര്‍ സല്‍മാൻ്റെയും വീടുകളില്‍ കസ്റ്റംസ് പരിശോധന

എറണാകുളം:
മലയാള സിനിമാ നടന്‍മാരായ പൃഥ്വിരാജിൻ്റെയും ദുല്‍ഖര്‍ സല്‍മാൻ്റെയും വീടുകളില്‍ കസ്റ്റംസ് പരിശോധന. ഭൂട്ടാനിൽ ആഡംബര വാഹനങ്ങൾ രജിസ്റ്റർ ചെയ്ത് ഇന്ത്യയിലെത്തിച്ച് നികുതിവെട്ടിപ്പു നടത്തുന്ന സംഭവത്തിൽ, രാജ്യ വ്യാപകമായി നടക്കുന്ന ഓപ്പറേഷൻ നും ഖൂറിൻ്റെ ഭാഗമായാണ് കേരളത്തിലും കസ്റ്റംസിൻ്റെ വ്യാപക പരിശോധന. കേരളാ ആന്‍ഡ് ലക്ഷദ്വീപ് കസ്റ്റംസിൻ്റെ ചുമതലയുള്ള കമ്മീഷണറാണ് പരിശോധനയ്ക്ക് നേതൃത്വം നല്‍കുന്നത്.
പൃഥിരാജിൻ്റെ തേവരയിലെ വീട്ടിലും ദുൽഖർ സൽമാൻ്റെ ഇളംകുളത്തെ വീട്ടിലും കസ്റ്റംസ് സംഘത്തിൻ്റെ പരിശോധന തുടരുകയാണന്ന് കസ്റ്റംസ് ഉദ്യോഗസ്ഥർ അറിയിച്ചു. പൃഥ്വിരാജിൻ്റെ തിരുവനന്തപുരത്തെ വീട്ടിൽ കസ്റ്റംസ് എത്തിയെങ്കിലും വാഹനങ്ങളൊന്നും കാണാത്തതിനാൽ സംഘം മടങ്ങുകയായിരുന്നു. നടന്‍ അമിത് ചക്കാലക്കലിൻ്റെ വീട്ടിലും പരിശോധന നടക്കുന്നുണ്ട്. ദുല്‍ഖര്‍ സല്‍മാൻ്റെ വീട്ടില്‍ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരും എത്തിയിട്ടുണ്ട്. കൊച്ചിയിലുള്ള മമ്മൂട്ടിയുടെ ഗ്യാരേജിലും പരിശോധന നടക്കുന്നുണ്ട്. ഇതിനു പുറമെ തിരുവനന്തപുരം, കോട്ടയം, മലപ്പുറം, കോഴിക്കോട് എന്നിവിടങ്ങളിലായി മുപ്പതോളം കേന്ദ്രങ്ങളിലാണ് പരിശോധന നടക്കുന്നത്. വ്യവസായികളുടെ വീടുകളിലും വിവിധ ഷോറൂമുകളിലും റെയ്ഡ് നടക്കുന്നുണ്ട്.
അതേസമയം വാഹനക്കടത്തിൽ നടന്മാർക്ക് നേരിട്ട് പങ്കില്ലെന്നാണ് ലഭിക്കുന്ന വിവരം. നികുതി വെട്ടിച്ച് കടത്തിയ വാഹനങ്ങൾ താരങ്ങൾ വാങ്ങിയതായാണ് സംശയിക്കുന്നത്. താരങ്ങൾക്ക് പുറമേ വൻ വ്യവസായികളും വാഹനങ്ങൾ വാങ്ങിയവരുടെ പട്ടികയിലുണ്ട്. കേരളത്തിലേക്ക് ഇത്തരത്തില്‍ 20 വാഹനങ്ങൾ എത്തിയതായി സൂചന.
വിദേശ രാജ്യങ്ങളിൽനിന്ന് ഇറക്കുമതി ചെയ്യുന്ന വാഹനങ്ങൾ ഭൂട്ടാനിൽ രജിസ്റ്റർ ചെയ്ത് ഇന്ത്യയിലെത്തിക്കുന്നതിലൂടെയായിരുന്നു നികുതി ക്രമക്കേട്. പുതിയ വാഹനങ്ങൾ സെക്കൻ ഹാന്‍ഡ് വാഹനങ്ങൾ എന്ന രീതിയിലായിരുന്നു രാജ്യത്ത് എത്തിച്ചിരുന്നത്. ഭൂട്ടാന്‍ പട്ടാളം ഉപയോഗിച്ചിരുന്ന വാഹനങ്ങള്‍ നിശ്ചിത സമയത്തിന് ശേഷം കുറഞ്ഞ വിലയില്‍ ലേലം ചെയ്ത് നല്‍കാറുണ്ട്. ഈ വാഹനങ്ങള്‍ തീരുവ അടക്കാതെ രാജ്യത്തെത്തിച്ച് ഹിമാചല്‍പ്രദേശില്‍ രജിസ്റ്റര്‍ ചെയ്തതിന് ശേഷം വന്‍ വിലയില്‍ മറിച്ചുവില്‍ക്കുന്ന സംഘമുണ്ട്. ഭൂട്ടാനിൽ നിന്നുമെത്തിക്കുന്ന വാഹനങ്ങൾക്കു ലഭിക്കുന്ന നികുതിയിളവു കൂടി ഇത്തരത്തിൽ ആഡംബര കാറുകൾ രാജ്യത്ത് എത്തിക്കുന്നതിന് ഏജൻ്റുമാർ ഉപയോഗിച്ച് വരികയായിരുന്നു. ഭൂട്ടാനില്‍ നിന്ന് ഇന്ത്യയിലേക്ക് വാഹനങ്ങള്‍ എത്തിക്കുന്നതില്‍ ഏതാനും ഇളവുകള്‍ സര്‍ക്കാര്‍ നല്‍കുന്നുണ്ട്. ഇതും തട്ടിപ്പ് സംഘം മുതലെടുത്തിരുന്നു. വലിയൊരു നികുതി തട്ടിപ്പ് ശൃംഖല തന്നെ ഇതിനു പിന്നില്‍ പ്രവർത്തിക്കുന്നുവെന്ന കണ്ടത്തിലിൻ്റെ ഭാഗമായാണ് കസ്റ്റംസ് രാജ്യവ്യാപക പരിശോധനയിലേക്ക് കടന്നത്.