തെക്കൻ ജില്ലകളിൽ കനത്ത മഴ :തിരുവനന്തപുരത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

തിരുവനന്തപുരം:
സംസ്ഥാനത്ത് ഇന്നും വിവിധയിടങ്ങളിൽ കനത്ത മഴ. രണ്ട് ജില്ലകളില്‍ യെല്ലോ അലർട്ടും അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചു. ഏറ്റവും പുതിയ റഡാർ ചിത്രപ്രകാരം തിരുവനന്തപുരം, തൃശൂർ ജില്ലകളിലാണ് യെല്ലോ അലർട്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലർട്ടുമാണ് പ്രഖ്യാപിച്ചിട്ടുള്ളത്. ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിക്കുന്നു.
കനത്ത മഴ പെയ്യുന്ന പശ്ചാത്തലത്തിൽ തിരുവനന്തപുരം ജില്ലയിലെ പ്രൊഫഷണൽ കോളജുകൾ അടക്കമുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കലക്ടർ ഇന്ന് അവധി പ്രഖ്യാപിച്ചു. മുൻ നിശ്ചയിച്ച പ്രകാരമുള്ള പൊതു പരീക്ഷകൾക്ക് മാറ്റം ഉണ്ടായിരിക്കുന്നതല്ലെന്നും അറിയിപ്പിൽ പറയുന്നു.
മ്യാന്മാർ തീരത്തോട് ചേർന്ന് രൂപപ്പെട്ട ചക്രവാതച്ചുഴി പടിഞ്ഞാറോട്ട് നീങ്ങി മണിക്കൂറുകൾക്കുള്ളിൽ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദമായി രൂപപ്പെട്ടതാണ് പരക്കെ മഴ പെയ്യാൻ കാരണമായത്. ഈ വർഷത്തെ മൺസൂണിലെ അവസാന ന്യൂനമർദമാണിതെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മേധാവി നീത കെ ഗോപാൽ പറഞ്ഞു. സെപ്റ്റംബർ 30ന് ആണ് മൺസൂൺ അവസാനിക്കുന്നത്. കഴിഞ്ഞ വർഷവും കേരളത്തിൽ സെപ്റ്റംബർ അവസാന വാരം ശക്തമായ മഴ പെയ്തിരുന്നു.