നാളെ വിദ്യാരംഭം;നാടെങ്ങും നവരാത്രി ആഘോഷ നിറവില്‍

നാടെങ്ങും നവരാത്രി ആഘോഷ നിറവിലാണ്. അക്ഷരപൂജയ്ക്കു പിന്നാലെ മഹാനവമിയിൽ ആയുധപൂജയും തുടങ്ങിയതോടെ നവരാത്രി ആഘോഷച്ചടങ്ങുകൾ അവസാനഘട്ടത്തിലേക്കു കടന്നിരിക്കുകയാണ്. നാളെ (ഒക്ടോബര്‍) വിജയദശമി ദിനത്തില്‍ പൂജയെടുപ്പും തുടര്‍ന്ന് കുട്ടികളുടെ വിദ്യാരംഭവും നടക്കും. ഇതിനായി സംസ്ഥാനത്തെ ക്ഷേത്രങ്ങളും മറ്റും വലിയ ഒരുക്കങ്ങളാണ് നടത്തിയിട്ടുള്ളത്.
വ്യവസായശാലകളിലും സ്ഥാപനങ്ങളിലും തൊഴിൽ ഇടങ്ങളിലുമൊക്കെ മഹാനവമിയിൽ തൊഴിൽ ഉപകരണങ്ങളും യന്ത്രങ്ങളും പൂജവയ്ക്കും. വ്യാഴാഴ്ച വിജയദശമയിൽ രാവിലെ ഏഴിന് പൂജയെടുക്കും. തുടർന്ന് ക്ഷേത്രങ്ങളിലും സാംസ്കാരിക കേന്ദ്രങ്ങളിലും വിദ്യാരംഭച്ചടങ്ങുകൾ ആരംഭിക്കും.
കലകളുടെയും വിദ്യാരംഭത്തിന്റെയും ആരാധനയുടെയും വിജയത്തിന്റെയും ഉത്സവമാണ് നവരാത്രി. ഒൻപത് രാത്രികൾ എന്നാണ് ഈ പദത്തിന്റെ അർഥം.അജ്ഞാനമാകുന്ന ഇരുളിനെ അകറ്റി അറിവിന്റെ പ്രകാശം പ്രദാനം ചെയ്യുന്നു എന്നതാണ് നവരാത്രി ആഘോഷത്തിന്റെ സന്ദേശം.ഭഗവതിയെ ആദിപരാശക്തിയായി ആരാധിക്കുന്ന നാളുകളാണ് നവരാത്രി. ഇത്തവണ 9 ദിവസമല്ല 11 ദിവസം നീണ്ടുനിൽക്കുന്നതാണ് ആഘോഷങ്ങൾ. ഇത്തവണ 10 രാത്രികളും 11 പകലുകളുമാണ്.