സ്വർണ പാളികള്‍ കൊണ്ടുപോകുമ്പോള്‍ ഞാൻ അധികാരത്തിലില്ല: ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എൻ.വാസു

 സ്വർണ പാളികള്‍ കൊണ്ടുപോകുമ്പോള്‍ ഞാൻ അധികാരത്തിലില്ല: ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എൻ.വാസു

തിരുവനന്തപുരം:

ഉണ്ണികൃഷ്ണൻ പോറ്റിയുമായി നേരിട്ട് ബന്ധമില്ലെന്നും പോറ്റി ഒരു കാര്യത്തിനും തന്നെ സമീപിച്ചിട്ടില്ലെന്നും ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എൻ.വാസു. സ്വർണപാളി, ദ്വാരപാലക ശിൽപങ്ങൾ നൽകുന്ന സമയത്ത് താൻ കമ്മീഷണറോ പ്രസിഡന്റോ ആയിരുന്നില്ല. പാളികള്‍ കൊണ്ടുപോകുമ്പോള്‍ താൻ അധികാരത്തിലില്ലെന്നും എൻ.വാസു ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

ചെമ്പ് പാളിയിൽ വിശദീകരണം നൽകേണ്ടത് താനല്ല. സ്വര്‍ണം ചെമ്പായത് അന്വേഷണത്തിലൂടെ പുറത്തുവരട്ടെ. തൂക്കത്തിൽ കുറവു വന്നത് ആരും ശ്രദ്ധയിൽപ്പെടുത്തിയില്ല. അന്ന് ആക്ഷേപമൊന്നും ഉണ്ടാകാത്തതിനാൽ അന്വേഷിക്കേണ്ടി വന്നില്ലെന്നും അദ്ദേഹം പറഞ്ഞു. 

‘സ്വന്തം സ്വര്‍ണം ഉപയോഗിച്ച് ദ്വാരക പാലക ശില്‍പ്പത്തിന് സ്വര്‍ണം പൂശാനാണ് ഉണ്ണികൃഷ്ണന്‍ പോറ്റി കരാറുണ്ടാക്കിയത്. പോറ്റിയുടെ ഇ-മെയില്‍ കൈമാറിയിരുന്നു. ഇ-മെയില്‍ അയച്ചത് സ്വാഭാവിക നടപടിയാണ്. മെയിലില്‍ പറഞ്ഞിരിക്കുന്നത് ശബരിമലയിലെ സ്വര്‍ണമല്ല. ഉണ്ണികൃഷ്ണന്‍ പോറ്റിയെ സ്‌പോണ്‍സര്‍ എന്ന നിലയില്‍ കണ്ടിട്ടുണ്ട്. അല്ലാതെ യാതൊരു ബന്ധവും ഇല്ല. ഒരു തരത്തിലുള്ള ഇടപാടുമില്ല. തന്റെ കാലത്തല്ല ദ്വാരപാലക ശില്‍പ്പത്തിന്റെ അറ്റക്കുറ്റപ്പണി നടന്നത്’, എന്‍ വാസു വ്യക്തമാക്കി.

ശബരിമലയിൽ നടന്നത് സ്വര്‍ണ കവര്‍ച്ചയെന്നാണ് വിജിലന്‍സ് റിപ്പോര്‍ട്ടിൽ പറയുന്നത്. 2019ൽ ദ്വാരപാലക ശില്‍പ്പപങ്ങൾ ഉണ്ണിക്കൃഷ്ണൻ പോറ്റിക്ക് കൈമാറുമ്പോൾ അവയിൽ ഉണ്ടായിരുന്നത് 1.5 കിലോ സ്വര്‍ണമായിരുന്നു. എന്നാൽ, പോറ്റി ശിൽപങ്ങൾ തിരിച്ചെത്തിച്ചപ്പോള്‍ 394 ഗ്രാം സ്വര്‍ണമാണ് ഉണ്ടായിരുന്നത്. സംഭവത്തിൽ വൻ ഗൂഢാലോചന നടന്നിട്ടുണ്ടെന്നാണ് വിജിലൻസ് റിപ്പോർട്ടിലുള്ളത്. 

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News