താമരശ്ശേരി താലൂക്ക് ആശുപത്രിയിലെ ഡോക്ടർക്ക് നേരെ ഉണ്ടായ ആക്രമണo; സംസ്ഥാനത്ത് വ്യാഴാഴ്ച സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ പ്രതിഷേധം

കൊച്ചി:
താമരശ്ശേരി താലൂക്ക് ആശുപത്രിയിലെ ഡോക്ടർക്ക് നേരെ ഉണ്ടായ ആക്രമണത്തിൽ പ്രതിഷേധിച്ചുകൊണ്ട് സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിലെ ഡോക്ടർമാർ വ്യാഴാഴ്ച പ്രതിഷേധ ദിനം ആചരിക്കും. ആശുപത്രി ആക്രമണങ്ങൾ തടയാൻ സംഘടന മുന്നോട്ട് വെക്കുന്ന ആവശ്യങ്ങൾ അടിയന്തരമായി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് ഡോക്ടർമാരുടെ സംഘടനയായ കെജിഎംഒ (KGMOA) ആണ് സംസ്ഥാന വ്യാപകമായി പ്രതിഷേധത്തിന് ആഹ്വാനം ചെയ്തത്.
സംസ്ഥാനത്തെ എല്ലാ സർക്കാർ ആശുപത്രികളിലും രോഗീപരിചരണം ഒഴികെയുള്ള എല്ലാ സേവനങ്ങളിൽനിന്നും ഡോക്ടർമാർ വിട്ടുനിൽക്കുമെന്ന് കെജിഎംഒ അറിയിച്ചു. എല്ലാ സ്ഥാപനങ്ങളിലും സംഘടനയുടെ നേതൃത്വത്തിൽ പ്രതിഷേധ യോഗങ്ങൾ സംഘടിപ്പിക്കും. കോഴിക്കോട് ജില്ലയിലെ എല്ലാ ആശുപത്രികളിലും കാഷ്വാലിറ്റി ഒഴികെയുള്ള സേവനങ്ങൾ പൂർണ്ണമായും നിർത്തിവെച്ചായിരിക്കും പ്രതിഷേധം.
മുന്നോട്ട് വെച്ച ആവശ്യങ്ങളിൽ സമയബന്ധിതമായി പരിഹാരം ഉണ്ടായില്ലെങ്കിൽ, രോഗീപരിചരണം ഉൾപ്പെടെയുള്ള സേവനങ്ങൾ നിർത്തിവെച്ചുകൊണ്ടുള്ള വ്യാപകമായ പ്രക്ഷോഭങ്ങളിലേക്ക് കടക്കുമെന്നും കെജിഎംഒ മുന്നറിയിപ്പ് നൽകി.