കഫ് സിറപ്പ് ദുരന്തം; നിർമാണ കമ്പനി ഉടമ അറസ്റ്റിൽ

ന്യൂഡൽഹി:
മധ്യപ്രദേശിലെ ചുമ മരുന്ന് ദുരന്തവുമായി ബന്ധപ്പെട്ട് കോൾഡ്രിഫ് കഫ് സിറപ്പ് നിർമാണ കമ്പനിയായ ശ്രേഷൻ ഫാർമ കമ്പനി ഉടമ ജി രംഗനാഥൻ അറസ്റ്റില്‍. ഒളിവിലായിരുന്ന ജി രംഗനാഥനെ ചെന്നൈ പൊലീസിന്‍റെ സഹായത്തോടെ മധ്യപ്രദേശ് പൊലീസാണ് അറസ്റ്റ് ചെയ്‌തത്. വ്യാഴാഴ്‌ച പുലർച്ചെയാണ് ഇയാളെ ചെന്നൈയില്‍ വച്ച് അറസ്റ്റ് ചെയ്‌തതെന്ന് പോലീസ് വൃത്തങ്ങൾ അറിയിച്ചു.
കാഞ്ചീപുരം ജില്ലയിലെ സുങ്കുവർ ചത്രത്തിൽ പ്രവർത്തിക്കുന്ന ശ്രീസെൻ ഫാർമ എന്ന യൂണിറ്റ് നിർമിക്കുന്ന ‘കോൾഡ്രിഫ്’ ചുമ സിറപ്പ് കഴിച്ച് മധ്യപ്രദേശിലെ വിവിധ ജില്ലകളിലായി 20 കുട്ടികള്‍ മരിച്ചിരുന്നു. ഇതിനെ തുടർന്നാണ് ഉടമയെ അറസ്റ്റ് ചെയ്‌തത്. പെയിൻ്റുകകളുടെയും മഷികളുടെയും നിർമാണത്തിൽ സാധാരണയായി ഉപയോഗിക്കുന്ന ഉയർന്ന വിഷാംശമുള്ള ഇൻഡസ്‌ട്രിയല്‍ രാസവസ്‌തുവായ ഡൈഎത്തിലീൻ ഗ്ലൈക്കോൾ (DEG) സിറപ്പിൽ അടങ്ങിയിട്ടുണ്ടെന്ന് പ്രാഥമിക ലബോറട്ടറി പരിശോധനയിൽ കണ്ടെത്തിയിരുന്നു. ഇവ കഴിക്കുന്നത് ഗുരുതരമായ വൃക്ക തകരാറിന് കാരണമാകുമെന്ന് രോഗം ബാധിച്ച നിരവധി കുട്ടികളിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.