സാഹിത്യത്തിനുള്ള നൊബേൽ സമ്മാനം ഹംഗേറിയൻ എഴുത്തുകാരൻ ലാസ്ലോ ക്രാസ്നഹോർകൈയ്ക്ക്

2025 ലെ സാഹിത്യത്തിനുള്ള നോബൽ സമ്മാനം ഹംഗേറിയൻ നോവലിസ്റ്റും തിരക്കഥാകൃത്തുമായ ലാസ്ലോ ക്രാസ്നഹോർകൈയ്ക്ക് നൽകുമെന്ന് റോയൽ സ്വീഡിഷ് അക്കാദമി ഓഫ് സയൻസസ് പ്രഖ്യാപിച്ചു.അപ്പോക്കലിപ്റ്റിക് ഭീകരതയുടെ നടുവിൽ, കലയുടെ ശക്തിയെ വീണ്ടും ഉറപ്പിക്കുന്ന അദ്ദേഹത്തിന്റെ ആകർഷകവും ദീർഘവീക്ഷണമുള്ളതുമായ സാഹിത്യ സൃഷ്ടികൾക്കാണ് അവാർഡെന്ന് അക്കാദമി പത്രക്കുറിപ്പിൽ പറഞ്ഞു.2015-ൽ മാൻ ബുക്കർ ഇന്റർനാഷണൽ പുരസ്കാരം അദ്ദേഹത്തിന് ലഭിച്ചിരുന്നു.
സാന്ദ്രവും ദാർശനികവുമായ ഗദ്യത്തിന് പേരുകേട്ടതാണ് ക്രാസ്നഹോർക്കൈയുടെ കൃതികൾ. പോസ്റ്റ്മോഡേൺ എന്ന് വിളിക്കപ്പെടുന്ന ഡിസ്റ്റോപ്പിയൻ , വിഷാദാത്മക വിഷയങ്ങൾ കൈകാര്യം ചെയുന്നതായിരുന്നു ക്രാസ്നഹോർക്കൈയുടെ നോവലുകളിലേറെയും. സാത്താൻടാങ്കോ (Satantango 1985), ദി മെലങ്കലി ഓഫ് റെസിസ്റ്റൻസ് (1989) എന്നിവയുൾപ്പെടെ അദ്ദേഹത്തിന്റെ നിരവധി കൃതികൾ ഹംഗേറിയൻ സംവിധായകൻ ബെയ്ലാ താർ സിനിമകളാക്കിയിട്ടുണ്ട്.
1954 ജനുവരി 5 ന് ഹംഗറിയിലെ ഗ്യുലയിൽ ഒരു ഇടത്തരം കുടുംബത്തിലാണ് ക്രാസ്നഹോർകൈ ജനിച്ചത്.1972-ൽ എർക്കൽ ഫെറൻക് ഹൈസ്കൂളിൽ നിന്ന് ലാറ്റിൻ ഭാഷയിൽ വൈദഗ്ദ്ധ്യം നേടിയ അദ്ദേഹം പിന്നീട് നിയമ ബിരുദവും 1976-ൽ ബുഡാപെസ്റ്റിലെ ഈറ്റ്വോസ് ലോറണ്ട് യൂണിവേഴ്സിറ്റിൽ നിന്ന് ഹംഗേറിയൻ ഭാഷയിലും സാഹിത്യത്തിലും ബിരുദവും നേടി.