ഷാഫി പറമ്പിൽ ആക്രമണത്തിൽ പ്രതിഷേധിച്ച് സംസ്ഥാനത്തുടനീളം കോൺഗ്രസിൻ്റെ ശക്തമായ പ്രതിഷേധ പ്രകടനങ്ങൾ

തിരുവനന്തപുരം:
ഷാഫി പറമ്പിൽ എംപിക്ക് നേരെ നടന്ന ആക്രമണത്തിൽ പ്രതിഷേധിച്ച് കോൺഗ്രസ് സംസ്ഥാനത്തുടനീളം ശക്തമായ പ്രക്ഷോഭവുമായി രംഗത്ത്. പ്രതിപക്ഷ നേതാവ് വിഡി സതീശൻ, എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ, എഐസിസി നേതാവ് ദീപ ദാസ് മുൻഷി എന്നിവരുൾപ്പെടെയുള്ള മുതിർന്ന നേതാക്കൾ വിഷയത്തെ രാഷ്ട്രീയ ആയുധമാക്കി. തിരുവനന്തപുരം, കോഴിക്കോട്, വയനാട്, എറണാകുളം, കണ്ണൂർ തുടങ്ങി വിവിധ ജില്ലകളിൽ കോൺഗ്രസ് പ്രതിഷേധ പ്രകടനങ്ങൾ നടന്നു.
കണ്ണൂർ നഗരത്തിലും തലശ്ശേരിയിലും യൂത്ത് കോൺഗ്രസ് പ്രകടനങ്ങൾ അരങ്ങേറി. നാദാപുരത്ത് യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സംസ്ഥാന പാത ഉപരോധിച്ചു. പാലക്കാട്ട് മുഖ്യമന്ത്രിക്ക് എതിരെ മുദ്രാവാക്യം വിളിച്ചുകൊണ്ട് യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡൻ്റ് കെഎസ് ജയഘോഷിൻ്റെ നേതൃത്വത്തിൽ പ്രതിഷേധം നടന്നു. കൊച്ചിയിൽ എറണാകുളം ഡിസിസിക്ക് സമീപം ഉൾപ്പെടെ രണ്ടിടങ്ങളിലാണ് പ്രതിഷേധമുണ്ടായത്.
തൃശൂരിൽ സ്വരാജ് റൗണ്ടിലേക്ക് കടന്നു വന്ന പ്രവർത്തകർ സിപിഎം പോസ്റ്ററുകൾ തകർക്കാൻ ശ്രമിച്ചത് പൊലീസുമായി സംഘർഷത്തിനിടയാക്കി. ചവറ പൊലീസ് സ്റ്റേഷന് മുന്നിൽ യൂത്ത് കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റി പൊലീസിനെതിരെ മുദ്രാവാക്യം മുഴക്കി പ്രതിഷേധിച്ചു.