‘പേരാമ്പ്രയില്‍ നടന്നത് ആസൂത്രിത ആക്രമണം; ആക്രമണം നടത്തിയത് സര്‍വീസില്‍ നിന്നു പിരിച്ചു വിട്ട പൊലീസുകാരന്: ഷാഫി പറമ്പില്‍ എംപി

ഷാഫി പറമ്പില്‍
കോഴിക്കോട്:
പേരാമ്പ്രയിൽ നടന്ന പൊലീസ് അക്രമം ആസൂത്രിതമായതാണെന്നും ആക്രമണം നടത്തിയ സര്‍വീസില്‍ നിന്നു പിരിച്ചു വിട്ട പൊലീസുകാരനാണെന്നുമുള്ള ഗുരുതര ആരോപണവുമായി ഷാഫി പറമ്പില്‍ എംപി. പേരാമ്പ്രയിലെ പൊലീസ് അക്രമത്തിന് നേതൃത്വം നൽകിയ പൊലീസ് ഗുണ്ടയായ അഭിലാഷ് ഡേവിഡ് ആണെന്നും ഇയാളെ രണ്ടു വര്‍ഷത്തിനു മുന്‍പ് സര്‍വീസില്‍ നിന്നു പിരിച്ചു വിട്ടയാളാണെന്നും ഷാഫി ആരോപിച്ചു.
തിരുവനന്തപുരത്ത് മൂന്നു പൊലീസുകാരെ പിരിച്ചുവിട്ടതില്‍ അഭിലാഷ് ഡേവിഡും ഉണ്ടായിരുന്നെന്ന മാധ്യമ വാര്‍ത്തകളും ഷാഫി വാര്‍ത്താസമ്മേളത്തില്‍ പ്രദര്‍ശിപ്പിച്ചു. ഇയാള്‍ ഇപ്പോള്‍ വടകര കണ്ട്രോള് റൂമില്‍ സിഐ ആയി ആണ് അഭിലാഷ് ഡേവിഡ് ജോലി ചെയ്യുന്നതെന്നും ഷാഫി ആരോപിച്ചു.
വടകര കൺട്രോൾ റൂം സി.ഐ.അഭിലാഷ് ഡേവിഡ് എന്ന് ആക്രമണവുമായി ബന്ധപ്പെട്ട എഫ്.ഐ.ആറിൽ ഉണ്ട്. എന്നാല്‍, അയാളുടെ ഫോട്ടോ പൊലീസ് വെബ്സൈറ്റിൽ ഇല്ല. പിരിച്ചുവിട്ടു എന്ന് മാധ്യമങ്ങളെ സർക്കാർ അറിയിച്ചവരിൽപ്പെട്ട പൊലീസുകാരൻ എങ്ങനെയാണ് വടകര കൺട്രോൾ റൂം സി.ഐ.ആയതെന്നും ഷാഫി ചോദിച്ചു.
സിപിഎമ്മിൻ്റെ ഗൂണ്ടാപ്പണിക്കു വേണ്ടിയാണ് ഇത്തരത്തില്‍ പിരിച്ചു വിട്ട പൊലീസുകാരെ ആരും അറിയാതെ തിരികെ സേനയില്‍ പ്രവേശിപ്പിക്കുന്നത്. സര്‍വീസില്‍ നിന്നു പിരിച്ചു വിട്ട പൊലീസുമാരുടെ പട്ടിക ആവശ്യപ്പെട്ടുള്ള വിവരാവകാശത്തിന് അത്തരം വിവരങ്ങളില്ല എന്ന മറുപടിയാണ് പൊലീസ് ആസ്ഥാനത്തു നിന്നു ലഭിച്ചതെന്നും ഷാഫി ആരോപിച്ചു.