പി എം ശ്രീ വിവാദം: സിപിഐ യുടെ യുവജന – വിദ്യാർഥി സംഘടനകൾ നടത്തിയ മാർച്ചിൽ സംഘർഷം
തിരുവനന്തപുരം:
പിഎം ശ്രീ വിവാദത്തിൽ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയുടെ ഓഫീസിലേക്ക് സിപിഐ യുടെ യുവജന – വിദ്യാർഥി സംഘടനകൾ നടത്തിയ പ്രതിഷേധ മാർച്ചിൽ സംഘർഷം. സെക്രട്ടേറിയേറ്റിൻ്റെ സൗത്ത് ഗേറ്റിൽനിന്ന് വിദ്യാഭ്യാസ മന്ത്രിയുടെ ഓഫീസായ അനക്സ് രണ്ടിലേക്ക് നടത്തിയ മാർച്ച് ജിഎസ്‌ടി ഓഫീസിന് സമീപത്ത് പൊലീസ് ബാരിക്കേഡ് തീർത്ത് തടഞ്ഞിരുന്നു. പ്രവർത്തകർ ബാരിക്കേഡ് മറിച്ചിടാൻ ശ്രമിച്ചെങ്കിലും നടന്നില്ല.
പിന്നാലെ പൊലീസിന് നേരെ കമ്പുകൾ വലിച്ചെറിയാൻ തുടങ്ങിയതോടെ ജലപീരങ്കി പ്രയോഗിച്ചെങ്കിലും പ്രവർത്തകർ പിരിഞ്ഞു പോകാൻ കൂട്ടാക്കിയില്ല. രണ്ടു നിര ബാരിക്കേഡുകൾ തീർത്തായിരുന്നു പൊലീസ് മാർച്ച് തടഞ്ഞത്. പ്രവർത്തകരും പൊലീസുമായി വാക്കേറ്റവുമുണ്ടായി. മൂന്നാം തവണയും ജലപീരങ്കി പ്രയോഗിച്ചതോടെ പ്രവർത്തകർ രോഷാകുലരായെങ്കിലും നേതാക്കളെത്തി സമാധാനിപ്പിക്കുകയായിരുന്നു. പിന്നാലെ മുദ്രാവാക്യം വിളിയുമായി റോഡ് ഉപരോധം തുടർന്ന ശേഷം പ്രവർത്തകർ പിരിഞ്ഞു പോകുകയായിരുന്നു.
