കണ്ണീരോടെ അവസാന സല്യൂട്ട്; വീരവിങ് കമാൻഡർ നമാൻഷ് സിയലിന് വിട നൽകി രാജ്യം

ദുബായ് എയർ ഷോയിലെ വ്യോമാഭ്യാസ പ്രകടനത്തിനിടെയുണ്ടായ ദാരുണമായ അപകടത്തിൽ ജീവൻ പൊലിഞ്ഞ വിങ് കമാൻഡർ നമാൻഷ് സിയലിന് പൂർണ്ണ സൈനിക ബഹുമതികളോടെ വിട നൽകി. വിങ്ങിപ്പൊട്ടുന്ന മനസ്സോടെ, സൈനിക യൂണിഫോമിൽ തന്റെ പ്രിയതമന് അവസാന സല്യൂട്ട് നൽകുന്ന വിങ് കമാൻഡറായ ഭാര്യ അഫ്ഷാന്റെ ചിത്രം രാജ്യത്തിന്റെ ഹൃദയത്തെ നൊമ്പരപ്പെടുത്തി.

നമാൻഷിന്റെ ഭൗതികശരീരം ജന്മനാടായ ഹിമാചൽ പ്രദേശിലെ കാംഗ്ര ജില്ലയിലെ പാട്യാല്‍കറിലെത്തിച്ചപ്പോൾ അന്ത്യാഞ്ജലി അർപ്പിക്കാൻ നൂറുകണക്കിനാളുകളാണ് തടിച്ചുകൂടിയത്. സല്യൂട്ട് നൽകി ഭർത്താവിന് വിട പറയുമ്പോൾ അഫ്‌സാൻ്റെ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു. ആറുവയസ്സുകാരി മകൾ ആര്യയും പിതാവിന് അരികിൽ നിന്നു.

അപകടം നടന്നത്:

നവംബർ 21 വെള്ളിയാഴ്ച ഉച്ചയ്ക്ക് 2.15-ന് (പ്രാദേശിക സമയം) അൽ മഖ്തൂം വിമാനത്താവളത്തിന് സമീപമായിരുന്നു അപകടം. ദുബായ് എയർ ഷോയുടെ ഭാഗമായുള്ള വ്യോമാഭ്യാസ പ്രകടനത്തിനിടെയായിരുന്നു ഇത്. തേജസ് യുദ്ധവിമാനമാണ് തകർന്നത്. ആദ്യ റൗണ്ട് അഭ്യാസ പ്രകടനം വിജയകരമായി പൂർത്തിയാക്കിയ ശേഷം, ഒറ്റയ്ക്കുള്ള പ്രകടനം നടത്തുന്നതിനിടെ വിമാനം നിയന്ത്രണം വിട്ട് താഴേക്കു പതിക്കുകയായിരുന്നു. പെട്ടെന്നുണ്ടായ അപകടത്തിൽ നമാൻഷിന് വിമാനത്തിൽ നിന്ന് പുറത്തേക്ക് ചാടാൻ (eject) കഴിഞ്ഞിരുന്നില്ല.

അപകടത്തെക്കുറിച്ച് ഇന്ത്യൻ വ്യോമസേന വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. രാജ്യത്തിനായി ജീവൻ വെടിഞ്ഞ ധീര സൈനികന് വിട നൽകി രാജ്യം ഒന്നടങ്കം ആദരാഞ്ജലികൾ അർപ്പിക്കുന്നു.


    Related post

    Leave a Reply

    Your email address will not be published. Required fields are marked *

    Travancore Noble News