അയൽപക്ക സ്കൂളുകൾ: കേരളത്തിൽ ഉടൻ നടപ്പാക്കണം, മൂന്ന് മാസത്തിനകം സമഗ്രമായ തീരുമാനം എടുക്കണം – സുപ്രീം കോടതി

 അയൽപക്ക സ്കൂളുകൾ: കേരളത്തിൽ ഉടൻ നടപ്പാക്കണം, മൂന്ന് മാസത്തിനകം സമഗ്രമായ തീരുമാനം എടുക്കണം – സുപ്രീം കോടതി

ന്യൂഡൽഹി:

ഓരോ കുട്ടിക്കും തൊട്ടടുത്ത സ്കൂളിൽ വിദ്യാഭ്യാസം നേടാനുള്ള അവകാശം ഉറപ്പാക്കാൻ സമയബന്ധിതമായി നടപടിയെടുക്കാൻ സുപ്രീം കോടതി കേരള സർക്കാരിന് നിർദ്ദേശം നൽകി. പ്രൈമറി സ്കൂളുകൾ ഇല്ലാത്ത എല്ലാ പ്രദേശങ്ങളിലും സർക്കാർ ലോവർ പ്രൈമറി (എൽ.പി), അപ്പർ പ്രൈമറി (യു.പി) സ്കൂളുകൾ സ്ഥാപിക്കുന്നതിൽ ‘സമഗ്രമായ തീരുമാനം’ മൂന്ന് മാസത്തിനകം എടുക്കണമെന്നും കോടതി വ്യക്തമാക്കി.

ചീഫ് ജസ്റ്റിസ് സൂര്യകാന്തും ജസ്റ്റിസ് ജോയ്മാല്യ ബാഗ്‌ചിയും ഉൾപ്പെട്ട ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്. കുട്ടികൾക്ക് സൗജന്യവും നിർബന്ധിതവുമായ വിദ്യാഭ്യാസം ഉറപ്പാക്കുന്നതിനുള്ള അവകാശ നിയമം (ആർ.ടി.ഇ) അനുസരിച്ച് അയൽപക്ക സ്കൂളുകൾ അനിവാര്യമാണെന്ന് കോടതി നിരീക്ഷിച്ചു.

സ്കൂളുകൾ സ്ഥാപിക്കുന്നതിനായി കോടതി രണ്ട് ഘട്ടങ്ങളായുള്ള സമീപനമാണ് നിർദ്ദേശിച്ചത്. ആദ്യഘട്ടത്തിൽ, നിലവിൽ എൽപി, യുപി സ്കൂളുകൾ ഇല്ലാത്ത പ്രദേശങ്ങൾ സർക്കാർ തിരിച്ചറിയണം. രണ്ടാം ഘട്ടത്തിൽ, ഒരു കിലോമീറ്റർ ചുറ്റളവിൽ എൽപി സ്‌കൂളോ, 3-4 കിലോമീറ്റർ ചുറ്റളവിൽ യുപി സ്‌കൂളോ ഇല്ലാത്ത എല്ലാ പ്രദേശങ്ങളിലും സ്കൂളുകൾ സ്ഥാപിക്കണം. ഭൂമിശാസ്ത്രപരമായി ദുർഘടമായ പ്രദേശങ്ങളിൽ ഉടൻ സ്കൂളുകൾ സ്ഥാപിക്കണമെന്നും കോടതി കൂട്ടിച്ചേർത്തു.

മഞ്ചേരി മുനിസിപ്പാലിറ്റിയിലെ എളമ്പ്രയിൽ സ്കൂൾ സ്ഥാപിക്കാൻ ആവശ്യപ്പെട്ട് കേരള ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവിനെതിരെ സംസ്ഥാന സർക്കാർ നൽകിയ അപ്പീൽ പരിഗണിക്കവെയാണ് നിർണായകമായ ഈ ഉത്തരവ്. ഹൈക്കോടതിയുടെ നിർദ്ദേശങ്ങൾ ന്യായമാണെന്ന് സുപ്രീം കോടതി കണ്ടെത്തുകയും, മൂന്ന് മാസത്തിനകം ഉത്തരവ് പാലിക്കാൻ നിർദ്ദേശിക്കുകയും ചെയ്തു.

താൽക്കാലിക ക്രമീകരണങ്ങൾ:

പുതിയ കെട്ടിടങ്ങൾ നിർമ്മിക്കാൻ ഫണ്ടില്ലെങ്കിൽ താൽക്കാലികമായി സ്വകാര്യ കെട്ടിടങ്ങൾ കണ്ടെത്തി സ്കൂളുകൾ ആരംഭിക്കാം. എന്നാൽ ഇത് സ്ഥിരമായി തുടരാതെ, ആവശ്യമായ ബഡ്ജറ്റ് വിഹിതം നീക്കിവെക്കണമെന്ന് കോടതി നിർദ്ദേശിച്ചു. കൂടാതെ, പുതിയ സ്കൂളുകളിലെ നിയമന കാലതാമസം ഒഴിവാക്കാൻ, സ്ഥിരം നിയമനം നടക്കുന്നതുവരെ വിരമിച്ച അധ്യാപകരെ ആറുമാസത്തേക്ക് കരാർ അടിസ്ഥാനത്തിൽ (പരമാവധി ഒരു വർഷം) നിയമിക്കാനും കോടതി അനുമതി നൽകി.

സ്‌കൂളുകൾ സ്ഥാപിക്കാൻ സൗജന്യമായി ലഭ്യമെങ്കിൽ, ഗ്രാമപഞ്ചായത്തുകൾ ഭൂമിയുടെ വിശദാംശങ്ങൾ സംസ്ഥാനത്തിന് നൽകണമെന്നും, വിദ്യാഭ്യാസ സൗകര്യമില്ലാത്ത പ്രദേശങ്ങളിൽ സ്‌കൂളുകൾ സ്ഥാപിക്കുന്നതിനായി ചാരിറ്റബിൾ സ്ഥാപനങ്ങളെ ക്ഷണിച്ചുകൊണ്ട് നയം രൂപീകരിക്കാമെന്നും കോടതി വ്യക്തമാക്കി. അതേസമയം, സ്വകാര്യ സ്കൂളുകളുടെ നവീകരണത്തിനായി പൊതുപണം പാഴാക്കരുത് എന്നും ഒരു സ്വകാര്യ വ്യക്തിക്കും ഈ ആനുകൂല്യം എടുക്കാൻ അനുവദിക്കരുതെന്നും കോടതി കർശനമായി നിർദ്ദേശിച്ചു.

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News