പത്തനംതിട്ട: സ്‌കൂൾ ഓട്ടോറിക്ഷ അപകടം; മരണസംഖ്യ രണ്ടായി, രക്ഷാപ്രവർത്തനത്തിൽ വീഴ്ചയെന്ന് ആക്ഷേപം
ഓട്ടോ മറിഞ്ഞുണ്ടായ അപകടത്തില്‍ മരിച്ച ആദിലക്ഷ്മി, യദുകൃഷ്ണൻ
പത്തനംതിട്ട: സ്‌കൂൾ കുട്ടികളുമായി പോയ ഓട്ടോറിക്ഷ തോട്ടിലേക്ക് മറിഞ്ഞുണ്ടായ ദാരുണമായ അപകടത്തിൽ മരണസംഖ്യ രണ്ടായി. നാല് വയസുകാരനായ യദുകൃഷ്ണൻ ആണ് ഇന്ന് മരണത്തിന് കീഴടങ്ങിയത്. നേരത്തെ, കരിമാൻതോട് ശ്രീനാരായണ സ്‌കൂളിലെ വിദ്യാർത്ഥിനിയായ ആദിലക്ഷ്മി (7) അപകടസ്ഥലത്ത് വെച്ച് തന്നെ മരിച്ചിരുന്നു.
കഴിഞ്ഞ ദിവസം തൂമ്പാക്കുളത്ത് വെച്ചായിരുന്നു അപകടം. ആറ് കുട്ടികളാണ് ഓട്ടോറിക്ഷയിൽ ഉണ്ടായിരുന്നത്. അപകടത്തിന് ശേഷം ഒരു കുട്ടിയെ കാണാനില്ലെന്ന് പരാതി ഉയർന്നിരുന്നു. രക്ഷാപ്രവർത്തനം പൂർത്തിയാകുന്നതിന് മുൻപ് തന്നെ ഫയർഫോഴ്‌സ് സംഘം മടങ്ങിപ്പോയതായും പ്രദേശവാസികൾക്കിടയിൽ നിന്ന് ശക്തമായ ആക്ഷേപം ഉയർന്നിട്ടുണ്ട്.
സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്തി വീഴ്ച വരുത്തിയവർക്കെതിരെ നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമാവുകയാണ്. കുട്ടികളുടെ മരണത്തിൽ നാട്ടുകാർ ദുഃഖം രേഖപ്പെടുത്തി.

