ഇന്ത്യൻ റെയിൽവേ ടിക്കറ്റ് നിരക്ക് വർദ്ധിപ്പിച്ചു: ഡിസംബർ 26 മുതൽ ദീർഘദൂര യാത്രകൾക്ക് ചെലവേറും

 ഇന്ത്യൻ റെയിൽവേ ടിക്കറ്റ് നിരക്ക് വർദ്ധിപ്പിച്ചു: ഡിസംബർ 26 മുതൽ ദീർഘദൂര യാത്രകൾക്ക് ചെലവേറും

ന്യൂഡൽഹി: പ്രവർത്തനച്ചെലവ് വർദ്ധിച്ച പശ്ചാത്തലത്തിൽ യാത്രാ ടിക്കറ്റ് നിരക്കുകളിൽ നേരിയ വർദ്ധനവ് വരുത്തി ഇന്ത്യൻ റെയിൽവേ. പുതുക്കിയ നിരക്കുകൾ ഈ മാസം ഡിസംബർ 26 മുതൽ പ്രാബല്യത്തിൽ വരും. ദീർഘദൂര യാത്രക്കാരെയാണ് ഈ മാറ്റം പ്രധാനമായും ബാധിക്കുകയെങ്കിലും സാധാരണക്കാരെ ബാധിക്കുന്ന സബർബൻ, ഹ്രസ്വദൂര യാത്രകളെ നിരക്ക് വർദ്ധനവിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

ടിക്കറ്റ് നിരക്ക് പരിഷ്കരണത്തിലൂടെ പ്രതിവർഷം 600 കോടി രൂപയുടെ അധിക വരുമാനമാണ് റെയിൽവേ ലക്ഷ്യമിടുന്നത്. ഈ സാമ്പത്തിക വർഷത്തിൽ ഇത് രണ്ടാം തവണയാണ് റെയിൽവേ നിരക്കുകൾ വർദ്ധിപ്പിക്കുന്നത് (നേരത്തെ ജൂലൈയിൽ വർദ്ധനവ് ഉണ്ടായിരുന്നു).

പുതുക്കിയ നിരക്കുകൾ ഇങ്ങനെ:

യാത്ര ചെയ്യുന്ന ദൂരത്തിനും ക്ലാസിനും അനുസരിച്ചാണ് വർദ്ധനവ് നടപ്പിലാക്കുന്നത്:

  • ഓർഡിനറി ക്ലാസ്: 215 കിലോമീറ്ററിന് മുകളിലുള്ള യാത്രകൾക്ക് കിലോമീറ്ററിന് 1 പൈസ വീതം വർദ്ധിക്കും. (215 കിലോമീറ്ററിൽ താഴെയുള്ള യാത്രകൾക്ക് നിരക്ക് മാറ്റമില്ല).
  • മെയിൽ/എക്സ്പ്രസ് (നോൺ എസി): കിലോമീറ്ററിന് 2 പൈസ വീതം വർദ്ധിക്കും.
  • എസി ക്ലാസുകൾ: എസി ഫസ്റ്റ്, സെക്കൻഡ്, തേർഡ് ടയറുകൾക്ക് കിലോമീറ്ററിന് 2 പൈസ വീതം വർദ്ധിക്കും.

ഉദാഹരണത്തിന്: നോൺ-എസി കോച്ചിൽ 500 കിലോമീറ്റർ സഞ്ചരിക്കുന്ന ഒരാൾക്ക് പഴയ നിരക്കിനേക്കാൾ ഏകദേശം 10 രൂപ മാത്രമായിരിക്കും അധികമായി നൽകേണ്ടി വരിക.

ആർക്കൊക്കെ ഇളവ്?

സാധാരണക്കാരായ യാത്രക്കാർക്ക് വലിയ ആശ്വാസമായി ചില മേഖലകളെ മാറ്റമില്ലാതെ നിലനിർത്തിയിട്ടുണ്ട്:

  1. സബർബൻ (ലോക്കൽ) ട്രെയിനുകൾ: നിരക്ക് വർദ്ധന ബാധകമല്ല.
  2. സീസൺ ടിക്കറ്റുകൾ: പ്രതിമാസ സീസൺ ടിക്കറ്റ് (MST) നിരക്കുകളിൽ മാറ്റമുണ്ടാകില്ല.
  3. ഹ്രസ്വദൂര യാത്രകൾ: 215 കിലോമീറ്ററിൽ താഴെയുള്ള ഓർഡിനറി യാത്രാ നിരക്കുകൾ പഴയതുപോലെ തുടരും.

വർദ്ധിച്ചുവരുന്ന ശമ്പള-പെൻഷൻ ചെലവുകളും സുരക്ഷാ ക്രമീകരണങ്ങൾക്കായി ചെലവാകുന്ന വൻതുകയും പരിഗഗണിച്ചാണ് ഈ ‘മിതമായ’ നിരക്ക് വർദ്ധനവെന്ന് റെയിൽവേ മന്ത്രാലയം വ്യക്തമാക്കി.

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News