അമേരിക്കൻ അധിനിവേശം നികൃഷ്ടം; വെനസ്വേലയ്‌ക്കൊപ്പം നിൽക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ
തിരുവനന്തപുരം:
വെനസ്വേലയ്‌ക്ക് മേലുള്ള അമേരിക്കൻ അധിനിവേശ നീക്കങ്ങളെ രൂക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. അമേരിക്കയുടെ കടന്നുകയറ്റങ്ങൾ മനുഷ്യക്കുരുതിയുടെ ചരിത്രമാണെന്നും ഈ ഹൃദയശൂന്യതയ്‌ക്കെതിരെ ലോകമനസാക്ഷി ഉണരണമെന്നും അദ്ദേഹം പറഞ്ഞു. വിയറ്റ്‌നാം മുതൽ ഇറാഖ് വരെയും സിറിയ മുതൽ ലിബിയ വരെയുമുള്ള രാജ്യങ്ങളിൽ അമേരിക്ക ഒഴുക്കിയ രക്തം ഇന്നും സാക്ഷിയാണെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.
തങ്ങളുടെ രാഷ്ട്രീയ-സാമ്പത്തിക താത്പര്യങ്ങൾക്കായി ലക്ഷക്കണക്കിന് നിരപരാധികളെ കൊന്നൊടുക്കിയ ചരിത്രമാണ് അമേരിക്കയുടേതെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി. ജപ്പാനിലും വിയറ്റ്‌നാമിലും പ്രയോഗിച്ച ആണവായുധങ്ങളും രാസായുധങ്ങളും വരുംതലമുറകളെപ്പോലും വേട്ടയാടുകയാണ്. ഇത്തരം അധിനിവേശങ്ങൾ രാജ്യങ്ങളെ ദശാബ്ദങ്ങൾ പിന്നോട്ടടിച്ചുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കേന്ദ്ര സർക്കാരിന്റെ നിലപാടിനെയും മുഖ്യമന്ത്രി രൂക്ഷമായി വിമർശിച്ചു. അന്താരാഷ്ട്ര തലത്തിലുള്ള ഇത്തരം സാമ്രാജ്യത്വ നീക്കങ്ങളെ ഗൗരവത്തോടെ കാണുന്നതിന് പകരം നിസ്സാരവൽക്കരിക്കാനാണ് കേന്ദ്രം ശ്രമിക്കുന്നത്. വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രസ്താവനയിൽ അമേരിക്കയുടെ പേര് പോലും പരാമർശിക്കാത്തത് വിധേയത്വത്തിന്റെ അടയാളമാണെന്നും, കോൺഗ്രസും ഇതേ പാതയിലാണെന്നും അദ്ദേഹം പറഞ്ഞു. പഹൽഗാമിലെ ഭീകരാക്രമണ സമയത്ത് ഇന്ത്യക്ക് ലോകരാജ്യങ്ങൾ നൽകിയ അതേ പിന്തുണയ്ക്ക് ഇന്ന് വെനസ്വേലയ്ക്കും അവകാശമുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
