ആര്‍എസ്പി സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോണിനെതിരെ വഞ്ചനാക്കുറ്റത്തിന് കേസ്
തിരുവനന്തപുരം:
ആര്‍എസ്പി സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോണിനും കുടുംബാംഗങ്ങള്‍ക്കുമെതിരെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ഫ്ലാറ്റ് നിര്‍മ്മാണത്തിനായി പണം വാങ്ങി വഞ്ചിച്ചെന്ന കുമാരപുരം സ്വദേശി അലക്സിന്റെ പരാതിയിലാണ് നടപടി.
ലഭ്യമാകുന്ന വിവരങ്ങള്‍ പ്രകാരം, ഷിബു ബേബി ജോണിന്റെയും കുടുംബത്തിന്റെയും ഉടമസ്ഥതയിലുള്ള തിരുവനന്തപുരം കഴക്കൂട്ടം-ചാക്ക ബൈപ്പാസിലെ 40 സെന്റ് ഭൂമിയില്‍ ഫ്ലാറ്റ് നിര്‍മിച്ച് നല്‍കാമെന്ന വാഗ്ദാനത്തിലാണ് ഇടപാട് നടന്നത്. ഒരു സ്വകാര്യ നിര്‍മ്മാണ കമ്പനിയുമായി ചേര്‍ന്നായിരുന്നു ഈ പദ്ധതി. 2020-ല്‍ അലക്സ് രണ്ട് തവണകളായി 15 ലക്ഷം രൂപ കമ്പനിക്ക് കൈമാറി. പണം നല്കുന്ന സമയത്ത് ഷിബു ബേബി ജോണിന്റെ സാന്നിധ്യമുണ്ടായിരുന്നുവെന്നും പരാതിക്കാരന് ആരോപിക്കുന്നു.
എന്നാല്‍ വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും ഫ്ലാറ്റ് നിര്‍മ്മാണത്തില്‍ പുരോഗതിയില്ലാത്തതിനെ തുടര്‍ന്നാണ് അലക്സ് പോലീസിനെ സമീപിച്ചത്. പണം തിരികെ ലഭിക്കാത്ത സാഹചര്യത്തിലാണ് വഞ്ചനാക്കുറ്റം ചുമത്തി കേസെടുത്തിരിക്കുന്നത്. സംഭവത്തില്‍ ഷിബു ബേബി ജോണോ കുടുംബമോ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
