കോഴിക്കോട് ആത്മഹത്യ: ഷിംജിത മുസ്തഫയ്ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു
കോഴിക്കോട്:
ബസിൽ വച്ച് ലൈംഗികാതിക്രമം നടത്തിയെന്ന് ആരോപിച്ച് വീഡിയോ പ്രചരിപ്പിച്ചതിനെത്തുടർന്ന് യുവാവ് ജീവനൊടുക്കിയ സംഭവത്തിൽ കണ്ടന്റ് ക്രിയേറ്റർ ഷിംജിത മുസ്തഫയ്ക്കെതിരെ പോലീസ് നടപടി കടുപ്പിക്കുന്നു. ഗോവിന്ദപുരം സ്വദേശി ദീപക്കിന്റെ ആത്മഹത്യയിൽ, ഷിംജിതയ്ക്കെതിരെ ആത്മഹത്യാ പ്രേരണക്കുറ്റത്തിന് (BNS 108) മെഡിക്കൽ കോളജ് പോലീസ് കേസെടുത്തു.
ദീപക്കിന്റെ മാതാപിതാക്കൾ സിറ്റി പോലീസ് മേധാവിക്കും കലക്ടർക്കും നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഈ നീക്കം. സോഷ്യൽ മീഡിയയിലൂടെ ദൃശ്യങ്ങൾ പ്രചരിപ്പിച്ചത് ദീപക്കിനെ കടുത്ത മാനസിക സമ്മർദ്ദത്തിലാക്കിയെന്നും ഇതാണ് ആത്മഹത്യയ്ക്ക് കാരണമായതെന്നും ബന്ധുക്കൾ മൊഴി നൽകിയിട്ടുണ്ട്. നിലവിൽ ഒളിവിൽ പോയ പ്രതിക്കായി പോലീസ് തിരച്ചിൽ ഊർജ്ജിതമാക്കി.
മനുഷ്യാവകാശ കമ്മീഷൻ ഇടപെടൽ
സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ ഇടപെട്ടു. നോർത്ത് സോൺ ഡി.ഐ.ജി ഒരാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ഉത്തരവിട്ടു. ഫെബ്രുവരി 19-ന് കോഴിക്കോട് നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും.
പ്രതിഷേധം ശക്തം
ദീപക്കിന്റെ മരണശേഷവും യുവതി ആരോപണങ്ങളുമായി സോഷ്യൽ മീഡിയയിൽ എത്തിയത് വലിയ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. വൃദ്ധരായ മാതാപിതാക്കളുടെ ഏക മകനായിരുന്ന ദീപക്കിന്റെ വിയോഗത്തിൽ നാട് ഒന്നാകെ അനുശോചനം രേഖപ്പെടുത്തുകയും കുടുംബത്തിന് നിയമസഹായം ഉറപ്പാക്കാൻ വിവിധ സംഘടനകൾ മുന്നോട്ട് വരികയും ചെയ്തിട്ടുണ്ട്.
