പ്രോട്ടോക്കോൾ ലംഘിച്ച് മോദി; യുഎഇ പ്രസിഡന്റിന് ഡൽഹിയിൽ ഊഷ്മള സ്വീകരണം
ന്യൂഡൽഹി:
ഇന്ത്യ-യുഎഇ ബന്ധത്തിന്റെ ആഴം വ്യക്തമാക്കിക്കൊണ്ട് യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ രാജ്യതലസ്ഥാനത്ത് എത്തി. വിമാനത്താവളത്തിലെത്തിയ യുഎഇ പ്രസിഡന്റിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രോട്ടോക്കോൾ ലംഘിച്ച് നേരിട്ടെത്തി സ്വീകരിച്ചു. ഹ്രസ്വമെങ്കിലും നയതന്ത്രപരമായി അതീവ പ്രാധാന്യമുള്ളതാണ് ഈ രണ്ട് മണിക്കൂർ സന്ദർശനം.
വിമാനമിറങ്ങിയ യുഎഇ പ്രസിഡന്റിനെ ഊഷ്മളമായ ആലിംഗനത്തോടെയാണ് പ്രധാനമന്ത്രി വരവേറ്റത്. “എന്റെ സഹോദരൻ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനെ സ്വാഗതം ചെയ്യാൻ കഴിഞ്ഞതിൽ സന്തോഷം” എന്ന് പ്രധാനമന്ത്രി എക്സിൽ കുറിച്ചു. പ്രതിരോധം, വ്യാപാരം, ഊർജ്ജം, പ്രാദേശിക സുരക്ഷ എന്നീ മേഖലകളിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് ഈ കൂടിക്കാഴ്ച.
യുഎഇ പ്രസിഡന്റായി അധികാരമേറ്റ ശേഷമുള്ള അദ്ദേഹത്തിന്റെ മൂന്നാമത്തെ ഔദ്യോഗിക ഇന്ത്യാ സന്ദർശനമാണിത്. കഴിഞ്ഞ ദശകത്തിനിടെ അഞ്ചാം തവണയാണ് അദ്ദേഹം ഇന്ത്യയിലെത്തുന്നത്. സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ (CEPA), പ്രാദേശിക കറൻസി സെറ്റിൽമെന്റ് സംവിധാനം തുടങ്ങിയ ചട്ടക്കൂടുകളിലൂടെ ഇന്ത്യയും യുഎഇയും തമ്മിലുള്ള സാമ്പത്തിക ബന്ധം സമീപകാലത്ത് വലിയ മുന്നേറ്റം നടത്തിയിട്ടുണ്ട്.

