കേരളത്തിൽ മാറ്റത്തിന്റെ കാറ്റ്; തിരുവനന്തപുരത്ത് ആവേശം വിതറി പ്രധാനമന്ത്രി നരേന്ദ്ര മോദി
തിരുവനന്തപുരം:
പത്മനാഭസ്വാമിയുടെ മണ്ണിൽ എത്തിയതിൽ തനിക്ക് അതിയായ സന്തോഷമുണ്ടെന്നും ഇതൊരു വലിയ സൗഭാഗ്യമാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. തിരുവനന്തപുരത്ത് ബിജെപി പ്രവർത്തകർക്കായി സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗുജറാത്തിൽ പാർട്ടി വളർന്ന ചരിത്രത്തെ കേരളത്തിലെ നിലവിലെ രാഷ്ട്രീയ സാഹചര്യവുമായി താരതമ്യം ചെയ്തുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ പ്രസംഗം.
ശ്രീനാരായണ ഗുരു, അയ്യങ്കാളി, മന്നത്ത് പത്മനാഭൻ തുടങ്ങിയ കേരളത്തിന്റെ നവോത്ഥാന നായകരെ സ്മരിച്ചുകൊണ്ടാണ് പ്രധാനമന്ത്രി പ്രസംഗം ആരംഭിച്ചത്. വസന്ത പഞ്ചമി, സരസ്വതി പൂജ, മഹാമഹോത്സവം എന്നിവയുടെ പശ്ചാത്തലത്തിൽ മലയാളികൾക്ക് അദ്ദേഹം ആശംസകൾ നേർന്നു. നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ജന്മദിനമായ ‘പരാക്രമ ദിവസ്’ ആഘോഷിക്കുന്ന ഈ വേളയിൽ രാജ്യം അദ്ദേഹത്തിന് ആദരവ് അർപ്പിക്കുകയാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
ഗുജറാത്ത് മോഡൽ കേരളത്തിലും ആവർത്തിക്കും
ബിജെപിയുടെ വളർച്ചയിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ വിജയത്തിനുള്ള പ്രാധാന്യം അദ്ദേഹം എടുത്തുപറഞ്ഞു. 1987-ന് മുൻപ് ഗുജറാത്തിൽ ബിജെപി നേരിട്ട വെല്ലുവിളികളും അഹമ്മദാബാദ് മുനിസിപ്പാലിറ്റിയിലെ വിജയം പാർട്ടിയുടെ ഗതി മാറ്റിയതും അദ്ദേഹം ചൂണ്ടിക്കാട്ടി.
“അഹമ്മദാബാദിൽ നിന്ന് തുടങ്ങിയ ആ ജൈത്രയാത്രയാണ് ഇന്ന് ഗുജറാത്തിൽ പാർട്ടിയെ ഈ നിലയിലെത്തിച്ചത്. സമാനമായ രീതിയിൽ തിരുവനന്തപുരം കോർപ്പറേഷനിൽ ബിജെപി നേടിയ മുന്നേറ്റം കേരള രാഷ്ട്രീയത്തിലെ വലിയൊരു മാറ്റത്തിന്റെ തുടക്കമാണ്,” പ്രധാനമന്ത്രി വ്യക്തമാക്കി.
കേരളത്തിലെ ജനങ്ങൾക്കിടയിൽ ഇത്തവണ വലിയൊരു ആവേശവും പുതിയ ഊർജ്ജവും ദൃശ്യമാണെന്ന് അദ്ദേഹം പറഞ്ഞു. ഗുജറാത്തിലേതിന് സമാനമായി കേരളത്തിലും ഒരു നഗരത്തിൽ നിന്ന് ബിജെപിയുടെ വിജയയാത്ര ആരംഭിച്ചിരിക്കുകയാണെന്നും ജനങ്ങൾ ബിജെപിയിൽ വിശ്വാസമർപ്പിച്ചു തുടങ്ങിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളിൽ കേരളം വലിയൊരു രാഷ്ട്രീയ പരിവർത്തനത്തിന് സാക്ഷ്യം വഹിക്കുമെന്ന ഉറച്ച വിശ്വാസവും പ്രധാനമന്ത്രി പ്രകടിപ്പിച്ചു.
