ഫാത്തിമ തെഹ്ലിയക്കായിവെൽഫെയർ പാർട്ടി കൺവെൻഷൻ : സ്ഥാനാർത്ഥിയുടെ അസാന്നിധ്യം ചർച്ചയാകുന്നു
പേരാമ്പ്ര:
പേരാമ്പ്ര മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി ഫാത്തിമ തെഹ്ലിയക്കായി വെൽഫെയർ പാർട്ടി സംഘടിപ്പിച്ച പ്രത്യേക കൺവൻഷനിൽ സ്ഥാനാർത്ഥിയുടെ അസാന്നിധ്യം രാഷ്ട്രീയ വൃത്തങ്ങളിൽ ചർച്ചയാകുന്നു. ചങ്ങരോത്ത് പഞ്ചായത്തിൽ നടന്ന കൺവൻഷനിൽ വെൽഫെയർ പാർട്ടി സംസ്ഥാന അധ്യക്ഷൻ റസാഖ് പാലേരി ഉൾപ്പെടെയുള്ള പ്രമുഖ നേതാക്കൾ പങ്കെടുത്തു.
ഫാത്തിമ തെഹ്ലിയ ചടങ്ങിൽ പങ്കെടുക്കുമെന്ന് നേരത്തെ അറിയിച്ചിരുന്നതിനെത്തുടർന്ന് നോട്ടീസുകൾ അച്ചടിച്ച് വിപുലമായ പ്രചാരണമാണ് വെൽഫെയർ പാർട്ടി പ്രദേശത്ത് നടത്തിയിരുന്നത്. എന്നാൽ, കൺവൻഷൻ സ്ഥലത്തേക്ക് മാധ്യമങ്ങൾ എത്തിയതോടെ സ്ഥാനാർത്ഥി പരിപാടിയിൽ നിന്ന് പിന്മാറുകയായിരുന്നു. അനാരോഗ്യം കാരണമാണ് സ്ഥാനാർത്ഥി എത്താതിരുന്നതെന്നാണ് ഔദ്യോഗികമായി നൽകുന്ന വിശദീകരണം.
ജമാഅത്തെ ഇസ്ലാമിയുടെ രാഷ്ട്രീയ രൂപമായ വെൽഫെയർ പാർട്ടിയുടെ വേദിയിൽ യുഡിഎഫ് സ്ഥാനാർത്ഥി നേരിട്ടെത്തുന്നത് വിവാദമാകാനുള്ള സാധ്യത മുൻനിർത്തിയാണ് പിന്മാറ്റമെന്നും സൂചനയുണ്ട്. സ്ഥാനാർത്ഥിയുടെ അസാന്നിധ്യത്തിലും വെൽഫെയർ പാർട്ടി പ്രവർത്തകർ കൺവൻഷൻ നടപടികളുമായി മുന്നോട്ട് പോയി.
