കുടകിൽ ട്രെക്കിങ്ങിനിടെ മലയാളി യുവതിയെ കാണാതായി; തിരച്ചിൽ ഊർജിതം

 കുടകിൽ ട്രെക്കിങ്ങിനിടെ മലയാളി യുവതിയെ കാണാതായി; തിരച്ചിൽ ഊർജിതം

ബാംഗ്ലൂർ:

കർണാടകയിലെ കുടകിൽ ട്രെക്കിങ്ങിനിടെ കണ്ണൂർ സ്വദേശിനിയായ ഐടി പ്രൊഫഷണലിനെ കാണാതായി. കണ്ണൂർ സ്വദേശിനി ശരണ്യ (36) യെയാണ് ശനിയാഴ്ച വൈകുന്നേരത്തോടെ കാണാതായത്. കുടകിലെ ഏറ്റവും ഉയർന്ന കൊടുമുടിയായ ‘തടിയന്റമോളി’ കയറുന്നതിനിടെയാണ് സംഭവം. നാപോക്ലുവിനടുത്തുള്ള യാവകപടി ഗ്രാമത്തിലെ ഹോംസ്റ്റേയിലായിരുന്നു ഇവർ താമസിച്ചിരുന്നത്.

ശനിയാഴ്ച രാവിലെ തനിയെ ട്രെക്കിങ്ങിനിറങ്ങിയ ശരണ്യയോട്, മേഖലയിൽ കാട്ടാനശല്യം രൂക്ഷമായതിനാൽ മറ്റ് പത്തോളം സഞ്ചാരികൾ അടങ്ങുന്ന സംഘത്തോടൊപ്പം ചേരാൻ വനംവകുപ്പ് ഉദ്യോഗസ്ഥർ നിർദ്ദേശിച്ചിരുന്നു. എന്നാൽ വൈകുന്നേരത്തോടെ മറ്റ് സഞ്ചാരികൾ തിരിച്ചെത്തിയെങ്കിലും ശരണ്യ മടങ്ങിയെത്തിയില്ല. യുവതി ട്രെക്കിങ്ങ് പാതയിലേക്ക് പ്രവേശിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിട്ടുണ്ട്. എന്നാൽ ഇവർ തിരികെ ഇറങ്ങുന്ന ദൃശ്യങ്ങൾ എവിടെയും പതിഞ്ഞിട്ടില്ല.

കാണാതാകുന്നതിന് തൊട്ടുമുമ്പ് ശരണ്യ ഒരു ഫോൺ കോൾ ചെയ്തതായി മുതിർന്ന പോലീസ് ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു. മൊബൈൽ ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുകയാണ്. വനംവകുപ്പും പോലീസും നാട്ടുകാരും ചേർന്ന് വനമേഖലയിൽ വ്യാപകമായ തിരച്ചിൽ നടത്തുന്നുണ്ടെങ്കിലും കനത്ത മഞ്ഞും വന്യമൃഗശല്യവും രക്ഷാപ്രവർത്തനത്തിന് തടസ്സമാകുന്നുണ്ട്. സംഭവത്തിൽ നാപോക്ലു പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News