ദൃശ്യം 3: ജോർജ്ജുകുട്ടിയുടെ കണ്ണീരും നിഗൂഢതകളും വീണ്ടും; ആകാംക്ഷയോടെ സിനിമാലോകം
മലയാളി പ്രേക്ഷകർ നെഞ്ചിലേറ്റിയ ദൃശ്യം എന്ന സിനിമയുടെ മൂന്നാം ഭാഗത്തിനായി ലോകമെമ്പാടുമുള്ള ആരാധകർ കാത്തിരിക്കുകയാണ്. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിച്ച്, ജീത്തു ജോസഫ് രചനയും സംവിധാനവും നിർവ്വഹിക്കുന്ന ‘ദൃശ്യം 3’-ന്റെ ടീസർ പുറത്തിറങ്ങിയതോടെ സിനിമാലോകം വലിയ ആവേശത്തിലാണ്.
“ഞാൻ വെറും ഒരു സാധാരണക്കാരനാണ്. എന്റെ ഭാര്യയും മക്കളും അടങ്ങുന്ന ഒരു കൊച്ചു ലോകം. ആ സ്വകാര്യതയിലേക്ക് ക്ഷണിക്കപ്പെടാത്ത ഒരതിഥി വന്നു. ഞങ്ങളുടെ കുടുംബം ശിഥിലമാക്കാൻ കെൽപ്പുള്ള അതിഥി. ഇനി ഒരിക്കലും തിരിച്ചുവരില്ല എന്ന ഉറപ്പോടെ എന്നെന്നേക്കുമായി ആ അതിഥിയെ മടക്കി അയച്ചു…”
ദൃശ്യം പരമ്പരയിലെ ജോർജ്ജുകുട്ടിയുടെ പ്രശസ്തമായ ഈ വാക്കുകൾ ഇന്നും പ്രേക്ഷകർക്ക് നൽകുന്നത് ഒരു പ്രത്യേക അനുഭൂതിയാണ്. എന്നാൽ ഇത്തവണ പുറത്തുവന്ന ടീസറിൽ ജോർജ്ജുകുട്ടി നൽകുന്ന സൂചനകൾ കൂടുതൽ ഉത്കണ്ഠയുളവാക്കുന്നതാണ്:
“സ്വന്തമെന്നു പറയാൻ ആരുമില്ലായിരുന്നു. കഷ്ടപ്പെട്ട് അധ്വാനിച്ച് ഞാൻ സ്വന്തമാക്കിയതാണ് എന്റെ കുടുംബം. അതു തകരുമെന്ന ഘട്ടം വന്നപ്പോൾ മുമ്പും പിമ്പും ചിന്തിക്കാതെ പ്രവർത്തിച്ചുപോയി. അതിനിടയിൽ ആരൊക്കെയാണ് വേദനിക്കുന്നതെന്ന് ഞാൻ മനസ്സിലാക്കിയില്ല. എനിക്കു പേടിയാ സാറേ… ഇതുപോലെ ഇനി ആരൊക്കെയുണ്ടെന്ന് എനിക്കറിയില്ല.”
മലയാള സിനിമയിലെ ആദ്യത്തെ ഫാമിലി ത്രില്ലർ ചിത്രങ്ങളായി മാറിയ ദൃശ്യം, ദൃശ്യം 2 എന്നിവയുടെ തുടർച്ചയായി എത്തുന്ന മൂന്നാം ഭാഗത്തിൽ സംവിധായകൻ ജീത്തു ജോസഫ് എന്തെല്ലാം അപ്രതീക്ഷിത സംഭവങ്ങളാണ് ഒരുക്കി വെച്ചിരിക്കുന്നത് എന്നറിയാൻ ആരാധകർ അക്ഷമരാണ്. വളരെ യാഥാർത്ഥ്യബോധത്തോടെയുള്ള ആഖ്യാനശൈലിയാണ് ജോർജ്ജുകുട്ടിയെയും കുടുംബത്തെയും പ്രേക്ഷകർക്ക് ഇത്രമേൽ പ്രിയപ്പെട്ടവരാക്കിയത്.
മോഹൻലാൽ നായകനാവുന്ന ചിത്രത്തിൽ മീന, അൻസിബ ഹസ്സൻ, എസ്തർ അനിൽ എന്നിവർക്കൊപ്പം മലയാളത്തിലെ പ്രമുഖരായ ഒട്ടേറെ താരങ്ങളും അണിനിരക്കുന്നുണ്ട്. മോഹൻലാലിന്റെ ജന്മദിനമായ മെയ് 21-ന് ആശീർവാദ് സിനിമാസ് ചിത്രം ലോകമെമ്പാടും പ്രദർശനത്തിനെത്തിക്കും.

