ഒരു  നാടിൻറെ നൊമ്പരം – വിറങ്ങലിച്ചു താനൂർ

ഒരു നാടിൻറെ നൊമ്പരം – വിറങ്ങലിച്ചു താനൂർ

താനൂര്‍ : ദുരന്തം നടന്ന താനൂര്‍ ഒട്ടുംപുറം തൂവല്‍ അഴിമുഖം മേഖലയില്‍ തലകീഴായി ചെളിയില്‍ പുതഞ്ഞ ബോട്ട്‌ കരയ്‌ക്കെത്തിക്കാനുള്ള ശ്രമം രാത്രി വൈകിനടക്കുമ്ബോഴും ആശുപത്രികളിലേക്ക്‌ ജനം ഒഴുകുകയായിരുന്നു.

പാഞ്ഞെത്തുന്ന ആംബുലന്‍സുകളില്‍ ജീവന്റെ തുടിപ്പുകള്‍ അവശേഷിക്കണേയെന്ന പ്രാര്‍ത്ഥനയിലായിരുന്നു ആരോഗ്യപ്രവര്‍ത്തകരടക്കം. എന്നാല്‍ സമയം വൈകുംതോറും പ്രതീക്ഷയറ്റു. ആംബുലന്‍സുകളില്‍ എത്തികൊണ്ടിരുന്നത്‌ ചേതനയറ്റ ശരീരങ്ങളായി. മരിച്ചവരില്‍ 15 പേര്‍ കുട്ടികളായിരുന്നത്‌ കൂടുതല്‍ നൊമ്ബരമായി.
വെട്ടിപൊളിച്ച ബോട്ടില്‍നിന്ന്‌ കുഞ്ഞിന്റെയും പോലീസ്‌ ഉദ്യോഗസ്‌ഥന്റെയും മൃതദേഹങ്ങള്‍ പുറത്തെടുത്തതോടെ ബോട്ടില്‍ കൂടുതല്‍ മൃതദേഹങ്ങള്‍ ഉണ്ടോയെന്ന പരിശോധന ശക്‌തമാക്കി. വടംകെട്ടി ജെ.സി.ബി. ഉപയോഗിച്ച്‌ വലിച്ച്‌ ബോട്ട്‌ കരയ്‌ക്കടുപ്പിച്ച്‌ രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമാക്കാനുള്ള നീക്കമാണ്‌ നാട്ടുകാര്‍ നടത്തിയത്‌. കയറുപൊട്ടിയതോടെ രക്ഷാപ്രവര്‍ത്തനം തടസപ്പെട്ടു. ബോട്ട്‌ ചെളിയില്‍ പുതഞ്ഞെന്ന്‌ തിരിച്ചറിഞ്ഞതോടെ കരയ്‌ക്കടുപ്പിക്കുക ശ്രമകരമെന്ന്‌ മനസിലാക്കിയതോടെ ബോട്ട്‌ വെട്ടിപൊളിച്ച്‌ കുടുങ്ങിയവരെ കണ്ടെത്താനുള്ള ശ്രമം ആരംഭിച്ചു.
താനൂരിനേയും പരപ്പനങ്ങാടിയേയും വേര്‍തിരിക്കുന്ന പൂരപ്പുഴയിലാണ്‌ അപകടമുണ്ടായത്‌. ഞായറാഴ്‌ച അവധി ദിവസമായതിനാല്‍ പതിവില്‍ കവിഞ്ഞ്‌ ആളുകള്‍ പുഴയോരത്തെത്തിയിരുന്നു. ആറുമണിയ്‌ക്കുശേഷം ബോട്ട്‌ യാത്ര അനുവദനീയമല്ലെങ്കിലും ജനത്തിരക്കില്‍ നിയമം മറന്ന്‌ സുരക്ഷാ മുന്നൊരുക്കങ്ങളില്ലാതെ യാത്രികരെ കുത്തിനിറച്ച്‌ യാത്ര നടത്തുകയായിരുന്നു.മലപ്പുറം ജില്ലയുടെ വിവിധ ഭാഗങ്ങളില്‍നിന്നുള്ളവരായിരുന്നു യാത്രികരില്‍ ഏറെയും. പലരും കുടുംബസമേതം അവധി ആഘോഷിക്കാനെത്തിയവര്‍. കുട്ടികളും സ്‌ത്രീകളുമടങ്ങുന്ന സംഘങ്ങളും സുഹൃത്തുക്കള്‍ക്കൊപ്പമെത്തിയവരുമെല്ലാം ബോട്ടിലുണ്ടായിരുന്നു. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍നിന്നുള്ളവര്‍യാത്രികരായി ഉണ്ടായിരുന്നതിനാല്‍ നാടൊട്ടുക്കും ആശുപത്രികളിലേക്ക്‌ ഒഴുകിയെത്തി. ആശുപത്രികള്‍ക്ക്‌ മുന്നില്‍ വിവരം തിരക്കിയെത്തുന്നവരെ നിയന്ത്രിക്കാന്‍ പോലീസും രക്ഷാപ്രവര്‍ത്തകരും പാടുപെട്ടു. തീരദേശ റോഡിലൂടെ തലങ്ങും വിലങ്ങും പായുന്ന ആംബുലന്‍സുകള്‍. മരണസംഖ്യ ഉയരുന്ന സാഹചര്യത്തില്‍ ദുഃഖം താങ്ങാനാവാതെ നാട്‌ തേങ്ങി. താനൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു മൃതദേഹങ്ങള്‍ കൂടുതലും എത്തിയത്‌. രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിക്കാന്‍ മന്ത്രിമാരായ വി. അബ്‌ദുറഹിമാന്‍, മുഹമ്മദ്‌ റിയാസ്‌ എന്നിവര്‍ സ്‌ഥലത്തെത്തിയിരുന്നു.

Related post

Travancore Noble News