ഏകീകൃത സിവിൽ കോഡിന് പിന്തുണയേറുന്നു, പ്രതിപക്ഷ ഐക്ക്യം പൊളിയുന്നു .
ന്യൂഡൽഹി; ഭോപ്പാലിൽ ബിജെപി പ്രവർത്തകരെ അഭിസംബോധന ചെയ്യവെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഏകീകൃത സിവിൽ കോഡിനെ കുറിച്ചുള്ള ചർച്ചകൾക്ക് തുടക്കമിട്ടത്. അന്നുമുതൽ ഈ വിഷയത്തിൽ നിരവധി ഊഹാപോഹങ്ങൾ ഉയരുന്നുണ്ട്. പ്രധാനമന്ത്രി മോദിയുടെ പ്രസ്‌താവന വന്നതിന് ശേഷം നിരവധി പാർട്ടികൾ ഇതിനെതിരെ പ്രതികരിച്ചു. കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികൾ യുസിസിയെ എതിർക്കുമ്പോൾ തന്നെ ഇതിനെ പിന്തുണച്ചുകൊണ്ട് മറ്റ് നിരവധി പാർട്ടികളും ഭരണകക്ഷിയിൽപ്പെടാത്ത ചില നേതാക്കളും രംഗത്ത് വന്നിട്ടുണ്ട്.
യുസിസിയെ പിന്തുണയ്ക്കുന്ന എൻഡിഎ ഇതര കക്ഷികളുടെ എണ്ണം ദിനംപ്രതി കൂടിവരികയാണ്. ഈ പാർട്ടികളുടെ പട്ടികയിൽ ഞായറാഴ്‌ച രണ്ട് പേരുകൾ കൂടി ചേർത്തു. ബിഎസ്‌പി അധ്യക്ഷ മായാവതിയും സുഭാഷ് പ്രസിഡന്റ് ഓം പ്രകാശ് രാജ്ഭറും ഏകീകൃത സിവിൽ കോഡിനെ പിന്തുണച്ചു രംഗത്ത് വന്നിട്ടുണ്ട്.
നേരത്തെ, ഹിമാചൽ കോൺഗ്രസിലെ മുതിർന്ന നേതാവും മുൻ മുഖ്യമന്ത്രി വീർഭദ്ര സിംഗിന്റെ മകനുമായ വിക്രമാദിത്യ സിംഗും ഏകീകൃത സിവിൽ കോഡിനെ പിന്തുണച്ചിരുന്നു. ഞായറാഴ്‌ച മഹാരാഷ്ട്രയിലെ രാഷ്ട്രീയ സംഭവവികാസങ്ങൾക്ക് ശേഷം, ഇപ്പോൾ എൻസിപിയും യുസിസിയെ പിന്തുണയ്ക്കാൻ സാധ്യതയുണ്ട്. പ്രഫുൽ പട്ടേൽ നേരത്തെ തന്നെ ഇത്തരമൊരു സൂചന നൽകിയതുമാണ്.
ആം ആദ്‌മി പാർട്ടിയും ശിവസേനയും യുസിസിക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ഏകീകൃത സിവിൽ കോഡിനെ പിന്തുണയ്ക്കുന്ന നേതാക്കളുടെയും പാർട്ടികളുടെയും എണ്ണം വർധിച്ചു വരുന്നത് ചർച്ചയാവുന്നത്.
ആം ആദ്‌മി പാർട്ടി
എഎപി നിലവിൽ ബിജെപിയുമായി കടുത്ത സംഘർഷത്തിലാണെങ്കിലും, ഏകീകൃത സിവിൽ കോഡ് വിഷയത്തിൽ കേന്ദ്ര സർക്കാരിന് പിന്തുണ പ്രഖ്യാപിച്ച് എഎപി രാഷ്ട്രീയ നിരീക്ഷകരെ അത്ഭുതപ്പെടുത്തിയിരിക്കുകയാണ്. തത്വത്തിൽ തങ്ങളുടെ പാർട്ടി ഏകീകൃത സിവിൽ കോഡിനെ (യുസിസി) പിന്തുണയ്ക്കുന്നതായി എഎപി നേതാവ് സന്ദീപ് പഥക് പറഞ്ഞു. ആർട്ടിക്കിൾ 44ഉം യുസിസി നടപ്പാക്കണമെന്ന് പറയുന്നുണ്ടെന്നും എന്നാൽ ഈ വിഷയം എല്ലാ മതങ്ങളുമായും രാഷ്ട്രീയ പാർട്ടികളുമായും ചർച്ച ചെയ്യണമെന്നുമാണ് എഎപി വിശ്വസിക്കുന്നതെന്നും പാർട്ടി സംഘടനാ ജനറൽ സെക്രട്ടറി സന്ദീപ് പഥക് പറഞ്ഞു. എല്ലാവരുടെയും സമ്മതത്തിനു ശേഷമേ അത് നടപ്പാക്കാവൂ എന്നും അവർ ആവശ്യപ്പെടുന്നു.
ബഹുജൻ സമാജ് പാർട്ടി
ബഹുജൻ സമാജ് പാർട്ടി അധ്യക്ഷ മായാവതി അടുത്ത കാലത്തായി ബിജെപിയോട് മൃദു സമീപനമാണ് പ്രകടമാക്കുന്നത്. അതുകൊണ്ട് തന്നെ ഏകീകൃത സിവിൽ കോഡിന്മേലുള്ള മായാവതിയുടെ നിലപാട് പ്രതീക്ഷിച്ചത് പോലെയാണ്. ബിജെപിയോട് വിയോജിക്കുമ്പോഴും യുസിസിയെ പിന്തുണയ്ക്കാൻ മായാവതി തയ്യാറാണ്. ഏകീകൃത സിവിൽ കോഡിനെ ബിഎസ്‌പി പിന്തുണയ്ക്കുന്നുണ്ടെന്നും, എന്നാൽ ഈ ബിൽ നടപ്പാക്കുന്ന ബിജെപിയുടെ രീതിയോട് തങ്ങൾക്ക് എതിർപ്പുണ്ടെന്നും മായാവതി പറഞ്ഞു.
ശിവസേന
മഹാരാഷ്ട്രയിലെ ഹിന്ദു പാർട്ടിയായ ശിവസേനയും ഉദ്ധവ് വിഭാഗവും യുസിസിയെ പിന്തുണയ്ക്കാൻ തീരുമാനിച്ചു. യൂണിഫോം സിവിൽ കോഡിനെ തങ്ങൾ പിന്തുണയ്ക്കുന്നുവെന്ന് കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ഉദ്ധവ് പറഞ്ഞിരുന്നു. എന്നിരുന്നാലും, ഉദ്ധവ്, യുസിസിയെ പിന്തുണയ്ക്കുമ്പോഴും ബിജെപിയോടുള്ള എതിർപ്പ് പ്രകടിപ്പിക്കാനും മാറന്നില്ല. ഈ ബിൽ കൊണ്ടുവരുന്നവർ മുസ്‌ലിങ്ങളെ മാത്രം ബുദ്ധിമുട്ടിക്കുമെന്ന് കരുതേണ്ടെന്നും ഹിന്ദുക്കൾക്കും ഈ ബിൽ പ്രശ്‌നമുണ്ടാക്കുമെന്നും അതിനാൽ നിരവധി ചോദ്യങ്ങൾ ഉയരുമെന്നും ഉദ്ധവ് ചൂണ്ടിക്കാട്ടി.
എൻസിപി
മഹാരാഷ്ട്രയിലെ പ്രധാന രാഷ്ട്രീയ സംഭവ വികാസങ്ങൾ എൻസിപിയെ പിളർപ്പിലേക്ക് നയിച്ചു. എൻസിപിയുടെ മുതിർന്ന നേതാക്കളായ അജിത് പവാറും പ്രഫുൽ പട്ടേലും ഇപ്പോൾ ബിജെപിക്കൊപ്പമാണ്, അതായത് മഹാരാഷ്ട്ര സർക്കാരിനൊപ്പമാണ്. ഇതിനുശേഷം, ഇപ്പോൾ എൻസിപിയിലെ ഈ വിഭാഗവും ഏകീകൃത സിവിൽ കോഡിനെ പിന്തുണയ്ക്കാൻ സാധ്യതയുണ്ട്. എൻസിപി പിളർപ്പിന് മുമ്പ് തന്നെ പാർട്ടി യുസിസിയെ പരസ്യമായി എതിർത്തിരുന്നില്ല. “ഞങ്ങൾ ഇപ്പോൾ യുസിസിയെ പിന്തുണയ്ക്കുകയോ എതിർക്കുകയോ ചെയ്യുന്നില്ല. ഇത്ര വലിയ തീരുമാനം ധൃതി പിടിച്ച് എടുക്കരുതെന്ന് മാത്രമാണ് ഞങ്ങൾ പറയുന്നത്.” എന്നായിരുന്നു പ്രഫുൽ പട്ടേലിന്റെ നിലപാട്.