ഈ യുദ്ധത്തിൽ ഷാജൻ ജയിക്കുമോ ?മറുനാടന്‍ മലയാളി ഓഫീസ് പൂട്ടി? ഓഫീസില്‍ റെയ്ഡ്, കംപ്യൂട്ടറുകളും സാമഗ്രികളും പിടിച്ചെടുത്തു,
തിരുവനന്തപുരം: പിവി ശ്രീനിജന്‍ എംഎല്‍എ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഓണ്‍ലൈന്‍ മാധ്യമമായ മറുനാടന്‍ മലയാളിയുടെ ഓഫീസുകളില്‍ പോലീസ് പരിശോധന. മറുനാടന്‍ മലയാളിയുടെ മേധാവിയായ ഷാജന്‍ സ്‌കറിയയ്‌ക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയതിന് പിറകെയാണ് പോലീസ് നടപടികള്‍ ശക്തമാക്കിയത്. ഷാജന്‍ സ്‌കറിയ ഇപ്പോഴും ഒളിവിലാണ്.
പിവി ശ്രീനിജന്‍ എംഎല്‍എയ്‌ക്കെതിരെ അപകീര്‍ത്തികരമായ വാര്‍ത്തകള്‍ നല്‍കി എന്നതാണ് പരാതിയ്ക്ക് ആധാരം. ഇതില്‍ പട്ടികജാതി-പട്ടിക വര്‍ഗ്ഗ പീഡന നിരോധന നിയമ പ്രകാരവും പോലീസ് കേസെടുത്തിട്ടുണ്ട്. മുന്‍കൂര്‍ ജാമ്യത്തിന് വേണ്ടി ഷാജന്‍ സ്‌കറിയ ശ്രമിച്ചിരുന്നെങ്കിലും ആദ്യം എറണാകുളം ജില്ലാ സെഷന്‍സ് കോടതിയും പിന്നീട് ഹൈക്കോടതിയും ജാമ്യഹര്‍ജി തള്ളിയിരുന്നു. കടുത്ത വിമര്‍ശനം ആയിരുന്നു ഹൈക്കോടതിയില്‍ ജസ്റ്റിസ് വിജി അരുണ്‍ ഹര്‍ജി തള്ളിക്കൊണ്ട് ഉന്നയിച്ചത്.
മറുനാടന്‍ മലയാളിയുടെ പല ഓഫീസുകളിലും ജീവനക്കാരുടെ വീടുകളിലും പരിശോധനങ്ങള്‍ നടന്നുകഴിഞ്ഞിട്ടുണ്ട്. തിരുവനന്തപുരം പട്ടത്തുള്ള പ്രധാന ഓഫീസില്‍ കഴിഞ്ഞ ദിവസം രാത്രി 12 മണിയോടെയാണ് പോലീസെത്തി കമ്പ്യൂട്ടറുകളും ക്യാമറകളും ഉള്‍പ്പെടെയുള്ളവ കസ്റ്റഡിയില്‍ എടുത്തത്. 29 കമ്പ്യൂട്ടറുകള്‍ പിടിച്ചെടുത്തിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ട്. മറുനാടന്‍ മലയാളിയിലെ രണ്ട് ജീവനക്കാരുടെ വീടുകളിലും പോലീസ് പരിശോധന നടത്തിയിട്ടുണ്ട്.