പാറശ്ശാലയിൽ റെയിൽവെ ട്രാക്കിൽ മണ്ണിടിച്ചിൽ; തെക്കൻ കേരളത്തിൽ ട്രെയിൻ ഗതാഗതം താറുമാറായി; ആറ് ട്രെയിനുകൾ റദ്ദാക്കി
BY: MURUGAN NAGARKOVIL
തിരുവനന്തപുരം: പാറശ്ശാലയ്ക്ക് സമീപം റെയിൽവെ ട്രാക്കിലുണ്ടായ മണ്ണിടിച്ചിലിനെത്തുടർന്ന് തെക്കൻ കേരളത്തിൽ ട്രെയിൻ ഗതാഗതം പൂർണമായും താറുമാറായി. തിരുവനന്തപുരം-നാഗർകോവിൽ റൂട്ടിലെ ഗതാഗതം തടസ്സപ്പെട്ടതോടെ ആറ് ട്രെയിനുകൾ റദ്ദാക്കുകയും നിരവധി ട്രെയിനുകൾ വൈകിയോടുകയും ചെയ്യുകയാണ്. അവധി ദിവസങ്ങൾക്ക് ശേഷം പ്രവൃത്തിദിനം ആരംഭിക്കുന്ന ദിവസമുണ്ടായ ഈ തടസ്സം യാത്രക്കാരെ വലിയ പ്രതിസന്ധിയിലാക്കി.
കഴിഞ്ഞ ദിവസം രാത്രി പ്രദേശത്ത് പെയ്ത കനത്ത മഴയെത്തുടർന്നാണ് നെയ്യാറ്റിൻകരയ്ക്കും പാറശ്ശാലയ്ക്കും ഇടയിൽ മണ്ണിടിച്ചിൽ ഉണ്ടായത്. പുലർച്ചെ രണ്ട് മണിയോടെ ഇതുവഴി കടന്നുപോയ ബിലാസ്പൂർ-തിരുനെൽവേലി എക്സ്പ്രസിന്റെ എൻജിൻ മണ്ണിലിടിച്ച് പാളം തെറ്റി. എൻജിന്റെ നാല് വീലുകളാണ് പാളം തെറ്റിയത്.
റദ്ദാക്കിയ പ്രധാന ട്രെയിനുകൾ:
- തിരുവനന്തപുരം നോർത്ത് – നാഗർകോവിൽ ജങ്ഷൻ പാസഞ്ചർ (രാവിലെ 6.30)
- നാഗർകോവിൽ ജങ്ഷൻ – തിരുവനന്തപുരം നോർത്ത് പാസഞ്ചർ (വൈകിട്ട് 6.20)
- നാഗർകോവിൽ ജങ്ഷൻ – കൊല്ലം ജങ്ഷൻ പാസഞ്ചർ (രാവിലെ 6.25)
- കൊല്ലം ജങ്ഷൻ – നാഗർകോവിൽ ജങ്ഷൻ പാസഞ്ചർ (വൈകിട്ട് 3.35)
- നാഗർകോവിൽ ജങ്ഷൻ – തിരുവനന്തപുരം നോർത്ത് പാസഞ്ചർ (രാവിലെ 7.55)
- തിരുവനന്തപുരം നോർത്ത് – നാഗർകോവിൽ ജങ്ഷൻ പാസഞ്ചർ (ഉച്ചയ്ക്ക് 1.25)
വൈകിയോടുന്നവയും വഴിമധ്യേ പിടിച്ചിട്ടവയും:
പുലർച്ചെ 3.45ന് പുറപ്പെടേണ്ടിയിരുന്ന കന്യാകുമാരി-മംഗളൂരു സെൻട്രൽ പരശുറാം എക്സ്പ്രസ് മൂന്ന് മണിക്കൂർ 15 മിനിറ്റ് വൈകിയാണ് പുറപ്പെട്ടത്. തിരുവനന്തപുരത്തുനിന്നുള്ള പുനലൂർ-കന്യാകുമാരി പാസഞ്ചർ, തിരുവനന്തപുരം സെൻട്രൽ-താംബരം എക്സ്പ്രസ്, ഗുരുവായൂർ-ചെന്നൈ എഗ്മൂർ എക്സ്പ്രസ്, പൂനെ-കന്യാകുമാരി എക്സ്പ്രസ് എന്നിവയും വൈകിയോടുകയാണ്.
കൂടാതെ, താംബരം-തിരുവനന്തപുരം സെൻട്രൽ അമൃത് ഭാരത് എക്സ്പ്രസ് നാംഗുനേരി സ്റ്റേഷനിലും, മധുര-പുനലൂർ എക്സ്പ്രസ് നോർത്ത് പനക്കുടി സ്റ്റേഷനിലും, താംബരം-തിരുവനന്തപുരം സെൻട്രൽ സ്പെഷൽ ഇറണിയൽ സ്റ്റേഷനിലും പിടിച്ചിട്ടിരിക്കുകയാണ്. ട്രാക്കിലെ മണ്ണ് നീക്കം ചെയ്യാനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെന്ന് റെയിൽവെ അധികൃതർ അറിയിച്ചു.
