മാവേലിക്കരയിൽ ക്രൂരത; മദ്യലഹരിയിൽ പിതാവ് ഒരു വയസ്സുകാരിയെ തറയിലടിച്ചു കൊലപ്പെടുത്തി
മാവേലിക്കര: മദ്യലഹരിയിൽ പിതാവ് ഒരു വയസ്സുകാരിയെ തറയിലടിച്ചു കൊലപ്പെടുത്തി. ആലപ്പുഴ മാവേലിക്കര മാങ്കാംകുഴിയിലാണ് നാടിനെ നടുക്കിയ ഈ ക്രൂരകൃത്യം നടന്നത്. അസം സ്വദേശികളായ പരിതോഷ് മൊണ്ടേലിന്റെയും ഭാര്യ റോണ്ട് വാലിയുടെയും മകൾ ദീപികയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ അന്യസംസ്ഥാന തൊഴിലാളിയായ പിതാവ് പരിതോഷ് മൊണ്ടേലിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ഭാര്യയുടെ മടിയിലിരുന്ന കുഞ്ഞിനെ മദ്യലഹരിയിലായിരുന്ന പരിതോഷ് മൊണ്ടേൽ പിടിച്ചുവാങ്ങി തറയിലടിച്ചു കൊലപ്പെടുത്തുകയായിരുന്നു. ശനിയാഴ്ച രാത്രി പത്തരയോടെയാണ് കുഞ്ഞിനെ മരിച്ച നിലയിൽ മാതാപിതാക്കൾ മാവേലിക്കര ജില്ലാ ആശുപത്രിയിൽ എത്തിച്ചത്. ആശുപത്രിയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടർ കുഞ്ഞിനെ പരിശോധിച്ചപ്പോൾ ശരീരത്തിൽ മർദനമേറ്റതിന്റെ പാടുകൾ ശ്രദ്ധയിൽപ്പെട്ടു. മരണത്തിൽ സംശയം തോന്നിയ ഡോക്ടർ ഉടൻ തന്നെ വിവരം അധികൃതരെ അറിയിച്ചതോടെയാണ് ക്രൂരത പുറത്തറിഞ്ഞത്.
