റോബിൻ ബസ് നടത്തിപ്പുകാരൻ ഗിരീഷ് അറസ്റ്റിൽ

2012 ലെ ചെക്ക് കേസുമായി ബന്ധപ്പെട്ട് റോബിൻ ബസ് നടത്തിപ്പുകാരൻ അറസ്റ്റിൽ. ഈരാറ്റുപേട്ടയിലെ വീട്ടിൽ നിന്ന് പൊലീസ് ഇയാളെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. ഗിരീഷുമായി പൊലീസ് സംഘം എറണാകുളത്തേക്ക് തിരിച്ചു. മരട് പൊലീസ് സ്റ്റേഷനിലാണ് മറ്റ് നടപടികൾ. ഗിരീഷിനെ ഇന്ന് തന്നെ കോടതിയിൽ ഹാജരാക്കാനാണ് ശ്രമം.
2012ൽ ഗിരീഷ് ഒരു വാഹനം വാങ്ങിയതുമായി ബന്ധപ്പെട്ട ചെക്ക് കേസിലാണ് പൊലീസ് നടപടി. പ്രതികാര നടപടിയാണെന്ന് ഗിരീഷിൻ്റെ അഭിഭാഷകനും കുടുംബവും ആരോപിക്കുന്നു.
നേരത്തെ കോയമ്പത്തൂരിലേക്ക് സർവീസ് നടത്തിയിരുന്ന റോബിൻ ബസിനെ നിയമ ലംഘനം ചൂണ്ടിക്കാട്ടി മുമ്പ് രണ്ടുതവണ ബസ് എംവിഡി പിടികൂടിയിരുന്നു. കഴിഞ്ഞ ഒക്ടോബര്‍ 16-ാം തിയതിയാണ് പത്തനംതിട്ടയില്‍ നിന്ന് കോയമ്പത്തൂരിലേക്ക് പുറപ്പെട്ട ബസ് റാന്നിയില്‍ വച്ച് മോട്ടോര്‍ വാഹന ഡിപ്പാർട്ട്മെന്റ് ഉദ്യോഗസ്ഥർ പിടിച്ചെടുത്തത്. നീണ്ട നിയമ പോരാട്ടത്തിനൊടുവിലാണ് ബസ് കോടതി ഉത്തരവിലൂടെ പുറത്തിറങ്ങിയത്. ബസ് ഉടമയ്ക്ക് വിട്ടുകൊടുത്തതിന് പിന്നാലെ വീണ്ടും കോയമ്പത്തൂര്‍ സര്‍വീസ് തുടങ്ങുമെന്ന് പ്രഖ്യാപിച്ച ബസ് ഉടമ രംഗത്തെത്തുകയായിരുന്നു. സർവീസിനായി സീറ്റ് ബുക്കിംഗും ആരംഭിച്ചിരുന്നു. വെള്ളിയാഴ്ച യാത്ര തുടങ്ങുമെന്നാണ് അറിയിച്ചിരുന്നതെങ്കിലും പിന്നീട് ശനിയാഴ്ചത്തേക്ക് മാറ്റിയെന്നും ബസ് ഉടമ അറിയിച്ചിരുന്നു.

