ചൈനയിലെ ന്യുമോണിയ വ്യാപനം;ഇന്ത്യയിൽ ജാഗ്രത .

ന്യൂഡല്‍ഹി: ചൈനയിൽ വർദ്ധിച്ചുവരുന്ന ന്യൂമോണിയ കേസുകൾ കണക്കിലെടുത്ത് മുന്‍കരുതലുകള്‍ സ്വീകരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ എല്ലാ സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണ പ്രദേശങ്ങൾക്കും നിർദ്ദേശം നൽകി.
കേന്ദ്ര ആരോഗ്യ സെക്രട്ടറി എല്ലാ സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണ പ്രദേശങ്ങൾക്കും അയച്ച കത്തിൽ ആരോഗ്യ വകുപ്പിലെ തയ്യാറെടുപ്പ് നടപടികൾ ഉന്നത തലത്തിൽ ഉടൻ അവലോകനം ചെയ്യാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
ആശുപത്രി കിടക്കകളുടെ ലഭ്യത, ഇൻഫ്ലുവൻസയ്ക്കുള്ള മരുന്നുകൾ, വാക്സിനുകൾ, മെഡിക്കൽ ഓക്സിജൻ, ആൻറിബയോട്ടിക്കുകൾ, വ്യക്തിഗത സംരക്ഷണ ഉപകരണങ്ങൾ (പിപിഇ), ടെസ്റ്റിംഗ് കിറ്റുകളും റിയാക്ടറുകളും, ഓക്സിജൻ പ്ലാന്റുകളുടെയും വെന്റിലേറ്ററുകളുടെയും പ്രവർത്തനം, ആരോഗ്യ കേന്ദ്രങ്ങളിലെ അണുബാധ നിയന്ത്രണ രീതികൾ എന്നിവയാണ് അടിയന്തരമായി പരിശോധിക്കേണ്ടത്.
ന്യൂമോണിയ ബാധിതരായ രോഗികളുടെ, പ്രത്യേകിച്ച് കുട്ടികളുടെയും കൗമാരക്കാരുടെയും, മൂക്കിലെയും തൊണ്ടയിലെയും സ്രവ സാമ്പിളുകൾ പരിശോധിക്കണം. ഇതിനായി സാമ്പിളുകൾ സംസ്ഥാനങ്ങളിൽ സ്ഥിതി ചെയ്യുന്ന വൈറസ് റിസർച്ച് ആൻഡ് ഡയഗ്നോസ്റ്റിക് ലബോറട്ടറികളിലേക്ക് (വിആർഡിഎൽ) അയയ്ക്കാനും നിർദ്ദേശം നൽകിയിട്ടുണ്ട്.

