യുവ ഡോക്ടര്‍ മരിച്ചത് അനസ്‌തേഷ്യ മരുന്ന് കുത്തിവെച്ചെന്ന് പൊലീസ്; ആത്മഹത്യാ കുറിപ്പ് കണ്ടെത്തി.
തിരുവനന്തപുരം:
തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ യുവ ഡോക്ടറുടെ മരണകാരണം അനസ്‌തേഷ്യ മരുന്ന് കൂടുതലായി കുത്തിവെച്ചതെന്ന് പൊലീസ്. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലും ഇക്കാര്യം സ്ഥിരീകരിച്ചു. ആത്മഹത്യാ കുറിപ്പും കണ്ടെത്തിയിട്ടുണ്ട്. വാപ്പ മരിച്ചതോടെ സാമ്പത്തികമായി ആരും സഹായിക്കാനില്ലെന്നും പ്രണയ വിവാഹത്തിന് സ്ത്രീധനം നൽകാൻ ശേഷിയില്ലെന്നും കുറിപ്പിലുണ്ട്. 150 പവനും 15 ഏക്കർ ഭൂമിയും ഒരു ബിഎംഡബ്ലു കാറുമാണ് യുവാവിന്‍റെ കുടുംബം ആവശ്യപ്പെട്ടതെന്ന് ഷഹ്നയുടെ ബന്ധുക്കൾ ആരോപിച്ചു. ഇതിന്‍റെ മുനോവിഷമത്തിലായിരുന്നു ഷഹ്നയെന്നും ഇവർ പറയുന്നു. പിജി വിദ്യാര്‍ത്ഥിനിയായ ഡോ. ഷഹ്നയെ കഴിഞ്ഞ ദിവസം രാത്രി 11.20നാണ് തിരുവനന്തപുരം മെഡിക്കല്‍ കോളേജിന് സമീപമുള്ള ഫ്ലാറ്റിൽ അബോധാവസ്ഥയില്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ സഹപാഠികള്‍ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പിന്നാലെ പൊലീസ് ഫ്‌ളാറ്റിലെത്തി നടത്തിയ പരിശോധനയിലാണ് ആത്മഹത്യാ കുറിപ്പ് ലഭിച്ചത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ സര്‍ജറി വിഭാഗത്തില്‍ പി ജി ചെയ്യുകയായിരുന്നു ഷഹ്ന. വെഞ്ഞാറന്മൂട് സ്വദേശിയാണ്. രണ്ട് വർഷം മുമ്പായിരുന്നു ഷഹ്നയുടെ പിതാവ് അബ്ദുൽ അസീസ് മരിച്ചത്.
അതേസമയം വിവാഹം മുടങ്ങിയതാണ് ഷെഹ്നയെ വിഷമിപ്പിച്ചതെന്ന ആരോപണത്തിലുറച്ച് നിൽക്കുകയാണ് ബന്ധുക്കള്‍. ഒപ്പം പഠിക്കുന്ന സുഹൃത്തുമായാണ് വിവാഹം നിശ്ചയിച്ചിരുന്നത്. എന്നാല്‍ ഇവര്‍ പണം ആവശ്യപ്പെട്ടു. ഇത് നല്‍കാന്‍ കഴിയാത്തതിനാലാണ് വിവാഹം മുടങ്ങുന്നതിലേക്ക് എത്തിയത്. പിജി അസോസിയേഷൻ സംസ്ഥാന ഭാരവാഹിയായ ഡോക്ടർക്കെതിരെയാണ് പരാതി. മെഡിക്കൽ പൊലീസാണ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം നടത്തുന്നത്.