നിമിഷ പ്രിയയുടെ അമ്മയ്ക്ക് യമനിൽ പോകാൻ അനുമതി നൽകി ഡൽഹി ഹൈക്കോടതി

ന്യൂഡൽഹി :
യെമന്‍ പൗരന് തലാല്‍ അബ്ദുമഹ്ദിയെ കൊലപ്പെടുത്തിയ കേസിൽ വധശിക്ഷ കാത്ത് കഴിയുന്ന നിമിഷ പ്രിയയുടെ അമ്മ പ്രേമകുമാരിക്ക് യെമനിലേക്ക് പോകാൻ ഡൽഹി ഹൈക്കോടതിയുടെ കനിവ് . മകളെ യമനിൽ പോയി സന്ദർശിക്കാനുള്ള അനുവാദം തേടി നിമിഷയുടെ അമ്മ സമർപ്പിച്ച ഹർജിയിൽ ഹൈക്കോടതി അനുകൂല ഉത്തരവ് പുറപ്പെടുവിച്ചു. ഇതിനായി നടപടികൾ സ്വീകരിക്കാൻ വിദേശകാര്യ മന്ത്രാലയത്തിന് ഹൈക്കോടതി നിർദ്ദേശം നൽകിയിട്ടുണ്ട്. മകളുടെ ജീവൻ രക്ഷിക്കാൻ പോകുന്ന അമ്മയുടെ അവകാശം മന്ത്രാലയം തടയുന്നത് എന്തിനാണെന്ന് ഉത്തരവ് പുറപ്പെടുവിച്ചുകൊണ്ട് ഹൈക്കോടതി ചോദിച്ചു.
യമനിൽ പ്രേമകുമാരിയെ സഹായിക്കാൻ സന്നദ്ധത അറിയിച്ച സനയിലെ എയര്‍ലൈന്‍ സിഇഒ ആയി ജോലി ചെയ്യുന്ന തമിഴ്നാട് സ്വദേശി തമിഴ്നാട് സ്വദേശി സാമുവേൽ ജെറോമിന്റെ വിവരങ്ങൾ നിമിഷയുടെ അമ്മയുടെ അഭിഭാഷകൻ കോടതിയെ അറിയിച്ചു.പണത്തിന് പകരമായി ജീവന് രക്ഷിക്കുന്ന രക്തപ്പണം നല്കാന് കൊല്ലപ്പെട്ട യെമന്‍ പൗരന്റെ കുടുംബവുമായി ചര്‍ച്ച ചെയ്യാന്‍ ജെറോം സഹായിക്കും. ഒപ്പം അമ്മക്കൊപ്പം യാത്ര ചെയ്യാൻ സന്നദ്ധത അറിയിച്ച രണ്ട് മലയാളികളുടെ വിവരങ്ങളും അറിയിച്ചിട്ടുണ്ട്. ഇവരോട് വിശദമായ സത്യവാങ്മൂലം നൽകാൻ കോടതി നിർദ്ദേശം നൽകിയിരുന്നു. ഇത് ലഭിച്ച ശേഷമാണ് കോടതി ഉത്തരവ് പുറപ്പെടുവിച്ചത്.
ജയിലിൽ വധശിക്ഷ കാത്ത് കഴിയുന്ന മലയാളി നഴ്സ് നിമിഷ പ്രിയയുടെ അമ്മയ്ക്ക് യമനിലേക്ക് പോകാനുള്ള യാത്രാനുമതി അടുത്തിടെ കേന്ദ്രം നിഷേധിച്ചിരുന്നു.സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു നടപടി. യമനിലെ ആഭ്യന്തര സാഹചര്യങ്ങൾ കാരണം എംബസി ജിബുട്ടിയിലേക്ക് മാറ്റിയിരിക്കുകയാണ്. ഈ സാഹചര്യത്തിൽ നയതന്ത്രപ്രതിനിധികളുടെ സഹായം ഉറപ്പാക്കാനാകില്ലെന്നും തൽക്കാലം യമനിലേക്ക് തൽക്കാലം യാത്ര ചെയ്യരുതെന്നുമാണ് നിർദ്ദേശത്തിൽ പറഞ്ഞത്.

