അയ്യപ്പനാശാരി കൊലക്കേസിൽ ഒന്നാം പ്രതിക്ക് ജീവപര്യന്തം
തിരുവനന്തപുരം:
ആറ്റുകാൽ, മണക്കാട് മേടമുക്ക് സതീഷ് നിവാസിൽ അയ്യപ്പനാശാരിയെ (52) വെട്ടിക്കൊന്ന കേസിൽ ഒന്നാം പ്രതി കമലേശ്വരം ബലവാൻ നഗറിൽ അനിൽ കുമാറിന് ജീവപര്യന്തം കഠിന തടവും 16, 22, 500 രൂപ പിഴയും ശിക്ഷ വിധിച്ചു. പിഴ അടച്ചില്ലെങ്കിൽ മൂന്നു വർഷം അധിക തടവും അനുഭവിക്കണം. രണ്ടു മുതൽ ഒൺപതു വരെ പ്രതികൾക്ക് 30 വർഷം വീതം തടവും 1, 22, 500 രൂപ പിഴയുമാണ് ശിക്ഷ. പിഴ അടച്ചില്ലെങ്കിൽ രണ്ടു വർഷം അധിക തടവുണ്ട്.
19 പ്രതികളുണ്ടായിരുന്ന കേസിൽ വിചാരണ തുടങ്ങിയത് പത്തൊൻപത് വർഷത്തിനു ശേഷമാണ്. 16 പ്രതികൾ വിചാരണ നേരിട്ടെങ്കിലും ഏഴ് പ്രതികളെ കോടതി വെറുതെ വിട്ടിരുന്നു. തിരുവനന്തപുരം ഏഴാം അഡീഷണൽ ജഡ്ജി പ്രസൂൺ മോഹനനാണ് ശിക്ഷ വിധിച്ചതു്. പ്രോസിക്യൂഷനു വേണ്ടി എം സലാഹുദീൻ, അഖില ലാൽ, ദേവിക മധു എന്നിവർ ഹാജരായി. ഓണാഘോഷത്തിന് പൂക്കടയിൽനിന്ന് പൂക്കൾ എടുത്തതിനെ ചൊല്ലിയുള്ള തർക്കമാണ് തിരുവോണനാളിൽ അയ്യപ്പനാശാരി കൊല ചെയ്യപ്പെട്ടത്.