ഏക സിവില്‍ കോഡ് പാസാക്കി ഉത്തരാഖണ്ഡ്

ഡെറാഡൂണ്‍: രാജ്യം ഏറെ ചര്‍ച്ച ചെയ്യുന്ന ഏകീകൃത സിവില്‍ കോഡ് (യുസിസി) പാസാക്കി ഉത്തരാഖണ്ഡ്. പ്രത്യേക നിയമസഭാ സമ്മേളനത്തിന്റെ മൂന്നാം ദിനമായ ഇന്ന് ഏകകണ്ഠമായാണ് ഏക സിവില്‍ കോഡ് ബില്‍ പാസാക്കിയത്. ഈ സമയം നിയമസഭയില്‍ ‘ജയ് ശ്രീറാം’ വിളികള്‍ ഉയര്‍ന്നു.
മുഖ്യമന്ത്രി പുഷ്‌കര്‍ സിംഗ് ധാമി ഉള്‍പ്പെടെ നിരവധി ബിജെപി നേതാക്കള്‍ ബില്ലിനെ ശക്തമായി പിന്തുണച്ചു. ഇതോടെ ഏകീകൃത സിവില്‍ കോഡ് നടപ്പാക്കുന്ന രാജ്യത്തെ ആദ്യ സംസ്ഥാനമായി ഉത്തരാഖണ്ഡ് മാറി. ബില്‍ നിയമമാകാന്‍ ഇനി ഉത്തരാഖണ്ഡ് ഗവര്‍ണര്‍ ഗുര്‍മിത് സിംഗിന്റെ അനുമതി മാത്രം മതി. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പുഷ്‌കര്‍ സിംഗ് ധാമിയാണ് സഭയില്‍ ഏക സിവില്‍ കോഡ് ബില്‍ അവതരിപ്പിച്ചത്. 2022ല്‍ നടന്ന നിയമസഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപി മുന്നോട്ട് വെച്ച പ്രധാന പ്രഖ്യാപനങ്ങളില്‍ ഒന്നായിരുന്നു ഏകീകൃത സിവില്‍ കോഡ്.

