ഗർഭച്ഛിദ്രം ഭരണഘടനയിൽ ഉൾപ്പെടുത്തി
പാരീസ്:
ഗർഭച്ഛിദ്രത്തിനുള്ള അവകാശം ഭരണഘടനയിൽ ഉൾപ്പെടുത്തിയ ആദ്യ രാജ്യമായി ഫ്രാൻസ്. ഭരണഘടന ഭേദഗതിക്ക് അനുകൂലമായി പാർലമെന്റിലെ ഭൂരിപക്ഷം അംഗങ്ങളും വോട്ടുചെയ്തു. പാരീസി ലെ തെക്കുപടിഞ്ഞാറുള്ള വെർസൈൽസ് കൊട്ടാരത്തിൽ തിങ്കളാഴ്ച ചേർന്ന എംപി മാരുടെ പ്രത്യേക സമ്മേളനത്തിലാണ് ഭേദഗതി പാസാക്കിയത്. പാർലമെന്റിന്റെ ഇരു സഭകളും സംയുക്ത സമ്മേളനം ചേർന്ന് നടത്തിയ വോട്ടെടുപ്പിൽ 72 നെതിരെ 780 പേരാണ് അനുകൂലിച്ച് വോട്ടുചെയ്തത്. 1975 മുതൽ ഫ്രാൻസിൽ ഗർഭച്ഛിദ്രം നിയമ വിധേയമാണ്. എന്നാൽ ഇതിനുള്ള അവകാശം ഉറപ്പാക്കുന്ന ഒന്നും ഭരണഘടനയിൽ ഉണ്ടായിരുന്നില്ല. നിയമം പാർലമെന്റ് അംഗീകരിച്ചതോടെ പാരീസിലെ ഈഫൽ ടവറിൽ ‘എന്റെ ശരീരം എന്റെ അവകാശം’ എന്ന വാക്കുകൾ തെളിഞ്ഞു.