ഷമ മുഹമ്മദ് പാർട്ടിയിൽ ആരുമല്ല :കെ സുധാകരൻ

ലോക്സഭ ഇലക്ഷന്റെ സ്ഥാനാർത്ഥി പട്ടികയിൽ സ്ത്രീകൾക്ക് അർഹമായ സ്ഥാനം ലഭിച്ചില്ലെന്ന എ ഐ സി സി വക്താവ് ഷമ മുഹമ്മദിന്റെ വിമർശനത്തിന് മറുപടിയായാണ് കെ പി സി സി പ്രസിഡന്റ് ഇപ്രകാരം അഭിപ്രായപ്പെട്ടത്. ഷമ മുഹമ്മദ് പാർട്ടിയിൽ ആരുമല്ലെന്നും വിമർശനത്തിന് അവരോട് തന്നെ ചോദിക്കുന്നതാണ് നല്ലതെന്നും മാധ്യമങ്ങളോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു.രാഹുൽ ഗാന്ധി എപ്പോഴും സ്ത്രീ പ്രതിനിത്യത്തെ കുറിച്ചാണ് സംസാരിക്കുന്നതെന്നും എന്നാൽ അദ്ദേഹത്തിന്റെ വാക്കുകൾ പ്രവർത്തികമാക്കിയിട്ടില്ലെന്നും ഷമ മുഹമ്മദ് പറഞ്ഞു.കോൺഗ്രസ് സ്ഥാനാർത്ഥി ലിസ്റ്റിൽ സ്ത്രീകളെ തഴഞ്ഞുവെന്നും സംവരണസീറ്റല്ലായിരുന്നുവെങ്കിൽ രമ്യ ഹരിദാസ് ആലത്തൂരിൽ സ്ഥാനാർത്ഥി ആകില്ലായിരുന്നുവെന്നും അവർ പറഞ്ഞു.51ശതമാനം സ്ത്രീകളുള്ള കേരളത്തിൽ കോൺഗ്രസ് അവർക്ക് അർഹമായ സ്ഥാനം നൽകണമെന്നും കൂടാതെ ജയിക്കുന്ന സീറ്റുകൾ നൽകണമെന്നും ഷമ അഭിപ്രായപ്പെട്ടു.ഇന്ത്യയിൽ പത്തുവർഷത്തിനുള്ളിൽ 50ശതമാനം മുഖ്യമന്ത്രിമാർ സ്ത്രീകൾ ആയിരിക്കണമെന്നും അവർ സദസ്സിൽ ഇരിക്കാതെ വേദിയിലേയ്ക്ക് വരണമെന്നുമാണ് രാഹുൽ ഗാന്ധി പറഞ്ഞിട്ടുള്ളത്.കേരളത്തിലെ നേതാക്കൾ അതനുസരിച്ച് പ്രവർത്തിക്കണമെന്നും ഷമ മുഹമ്മദ് വ്യക്തമാക്കി.