പൗരത്വ നിയമ ഭേദഗതി ചട്ടങ്ങൾ വിജ്ഞാപനം ചെയ്തു.

ന്യൂഡൽഹി :
പൗരത്വ നിയമ ഭേദഗതി (സി എ എ )നടപ്പിലാക്കികൊണ്ടുള്ള ചട്ടങ്ങൾ കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിജ്ഞാപനം ചെയ്തു.ഇതോടെ നിയമം പ്രാബല്യത്തിൽ വന്നു.ലോക്സഭ ഇലക്ഷന് മുൻപേ പൗരത്വ നിയമഭേദഗതി നടപ്പിലാക്കുമെന്ന് കേന്ദ്ര ആഭ്യന്തര വകുപ്പ് മന്ത്രി അമിത് ഷാ പല ദേശീയ മാധ്യമങ്ങളിലൂടെയും പലപ്പോഴായി വ്യക്തമാക്കിയിരുന്നു.ലോക്സഭ തിരഞ്ഞെടുപ്പിന് മാസങ്ങൾ ശേഷിക്കേയാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ ഈ നടപടി.പാക്കിസ്ഥാൻ, ബംഗ്ലാദേശ്,അഫ്‌ഗാനിസ്ഥാൻ തുടങ്ങിയ രാജ്യങ്ങളിൽ നിന്നും 2014 ഡിസംബർ 31ന് മുൻപ് ഇന്ത്യയിലേയ്ക്ക് കുടിയേറിയ ബുദ്ധ, സിഖ്, പാഴ്സി, ജൈന, ഹിന്ദു,ക്രിസ്ത്യൻ മതവിഭാഗത്തിൽപ്പെട്ടവർക്ക് പൗരത്വം നൽകുമെന്നതാണ് പൗരത്വ നിയമ ഭേദഗതി.2019 ഡിസംബറിലാണ് പൗരത്വ ഭേദഗതി ബിൽ കേന്ദ്ര സർക്കാർ ലോക്സഭയിലും രാജ്യസഭയിലും പാസ്സാക്കിയത്.ഈ നിയമ ഭേദഗതിക്കെതിരെ രാജ്യവ്യാപകമായി പ്രതിഷേധം നടന്നിരുന്നു.ഇതോടെ സി എ എ പ്രാബല്യത്തിൽ വരുകയാണ്.പൗരത്വത്തിനുള്ള അപേക്ഷകളും കേന്ദ്ര സർക്കാർ സ്വീകരിച്ചു തുടങ്ങും.ഇതിന് വേണ്ടിയുള്ള ഓൺലൈൻ പോർട്ടൽ ഉൾപ്പെടെ സജ്ജമായിക്കഴിഞ്ഞു.പൗരത്വം നേടാനുള്ള മുഴുവൻ കാര്യങ്ങളും ഓൺലൈൻ വഴിയാണ് ചെയ്യുന്നത്.മുസ്ലിം വിഭാഗത്തെ ഒഴിവാക്കികൊണ്ടുള്ള ഭേദഗതി വിവേചനപരമാണെന്നുള്ള വിമർശനം ഉയരുന്നുണ്ട്.മുസ്ലിം ഭൂരിപക്ഷ രാജ്യങ്ങളിൽ പീഡനം അനുഭവിക്കുന്ന അവിടങ്ങളിലെ ന്യുനപക്ഷങ്ങൾക്ക് പൗരത്വം നേടാനുള്ള അവസരം ഇതിലൂടെ സാധിച്ചെടുക്കാമെന്നുള്ളതാണ് ഈ നിയമ ഭേദഗതി കൊണ്ടുള്ള നേട്ടമായി കേന്ദ്ര സർക്കാർ വാദിക്കുന്നത്.