കെജ്‌രിവാളിന്റെ ഉത്തരവ് അന്വേഷിക്കും
ന്യൂഡൽഹി:
മദ്യനയ അഴിമതിക്കേസിൽ ഇ ഇഡി അറസ്റ്റു ചെയ്ത ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ ലോക്കപ്പിൽ നിന്നും ഉത്തരവിറക്കിയ സംഭവത്തിൽ വിശദമായ അന്വേഷണത്തിന് നീക്കം. കസ്റ്റഡിയിൽ നിന്നും ഔദ്യോഗിക നിർവഹണം നടത്താൻ അനുമതി കൊടുത്തിട്ടില്ലെന്നും ഇഡി ഉദ്യോഗസ്ഥർ ദേശീയ മാധ്യമങ്ങളോട് പ്രതികരിച്ചു. ഡൽഹിയിൽ ചില മേഖലകളിലെ ജലക്ഷാമം പരിഹരിക്കാൻ നടപടികൾക്ക് നിർദ്ദേശം നൽകിയാണ് കെജ്‌രിവാൾ ഉത്തരവിറക്കിയത്. ജല വകുപ്പ് മന്ത്രി അതിഷി മർലേന കഴിഞ്ഞ ദിവസം വാർത്താസമ്മേളനത്തിൽ ഈ ഉത്തരവ് ഉയർത്തിക്കാട്ടി. മുഖ്യമന്ത്രിയുടെ ഉത്തരവ് എങ്ങനെ കൈയിൽകിട്ടി എന്നതടക്കമുള്ള കാര്യങ്ങളിൽ വ്യക്തത വരുത്താൻ അതിഷിയെ ചോദ്യം ചെയ്തേക്കും.