ഗുരുവായൂരിൽ വിഷുക്കണി തൊഴാൻ ആയിരങ്ങൾ

തൃശ്ശൂർ:
വിഷുപ്പുലരിയില്‍ കണ്ണനെ കണി കണ്ട് അനുഗ്രഹം നേടാന്‍ ഗുരുവായൂർ ക്ഷേത്രത്തിൽ വൻ ഭക്തജനത്തിരക്ക്. ആയിരങ്ങളാണ് കണ്ണനെ ഒരു നോക്ക് കാണാൻ ഗുരുവായൂരിലേക്കെത്തിയത്. പുലര്‍ച്ചെ 2.42ന് വിഷുക്കണി ദർശനം ആരംഭിച്ചു. രാത്രി അത്താഴപ്പൂജക്ക് ശേഷം കീഴ്ശാന്തിമാർ ക്ഷേത്ര മുഖമണ്ഡപത്തില്‍ കണി ഒരുക്കി വച്ചിരുന്നു.
പുലര്‍ച്ചെ 2.15ന് മുഖമണ്ഡപത്തിലെ വിളക്കുകള്‍ തെളിയിച്ചു. മേല്‍ശാന്തി ശ്രീലക വാതില്‍ തുറന്ന് ആദ്യം ഗുരുവായൂരപ്പനെ കണികാണിച്ചു. നാളികേരമുറിയില്‍ നെയ് വിളക്ക് തെളിയിച്ചാണ് ഗുരവായൂരപ്പനെ കണികാണിച്ചത്. തുടര്‍ന്ന് ഗുരുവായൂരപ്പന്റെ തങ്ക തിടമ്പ് സ്വര്‍ണ സിംഹാസനത്തില്‍ ആലവട്ടം, വെഞ്ചാമരം എന്നിവ കൊണ്ടലങ്കരിച്ച് വെച്ചു.
ഓട്ടുരുളിയില്‍ കണിക്കോപ്പുകളും വെച്ചു. ഗുരുവായൂരപ്പനെ കണികാണിച്ച ശേഷം കിഴക്കേഗോപുരവാതില്‍ തുറന്നു. തുടർന്ന് ഭക്തർക്ക് കണികാണാനുള്ള സൗകര്യം ഒരുക്കി. കണി ദർശനം കഴിഞ്ഞവർക്ക് മേൽശാന്തി വിഷുക്കൈനീട്ടം നൽകി.