കോൺഗ്രസും ഇടതുപക്ഷവുംഅഴിമതിയുടെ കാര്യത്തിൽ മത്സരിക്കുന്നു :നരേന്ദ്രമോദി

തിരുവനന്തപുരം:[കാട്ടാക്കട ]
തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി കാട്ടാക്കടയിലെത്തി. മലയാളത്തിൽ പ്രസംഗം ആരംഭിച്ച പ്രധാനമന്ത്രി, പത്മനാഭ സ്വാമിയുടെ മണ്ണിൽ വന്നത് സന്തോഷമെന്ന് വ്യക്തമാക്കി. ശ്രീനാരായണ ഗുരുവിനെയും അയ്യങ്കാളിയെയും അനുസ്മരിച്ചായിരുന്നു മോദിയുടെ പ്രസംഗം.
കോൺഗ്രസിനും ഇടതുപക്ഷത്തിനും പേരില്‍ മാത്രമാണ് വ്യത്യാസമെന്നും ഇരുകൂട്ടരെയും രാജ്യം തിരസ്കരിച്ചതാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിപറഞ്ഞു . കാട്ടാക്കട ക്രിസ്ത്യൻ കോളേജ് ഗ്രൗണ്ടിൽ എൻഡിഎ പൊതുസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മോദി. കോൺഗ്രസും ഇടതുപക്ഷവും വികസന വിരോധികളും അരാജകത്വവാദികളുമാണ്. അഴിമതിയുടെ കാര്യത്തിൽ ഇവര്‍ മത്സരിക്കുന്നു. വ്യവസായങ്ങളെ തകർത്തെറിഞ്ഞ ചരിത്രമാണ് ഇവർക്കുള്ളത്. ഭരിക്കുന്ന സംസ്ഥാനങ്ങളെല്ലാം തകർത്തെറിഞ്ഞതാണ് ഇവരുടെ ട്രാക്ക് റെക്കോഡ്. കേരളത്തിന്റെ സ്ഥിതിയും ഇതുതന്നെയാണെന്നും രാഷ്ട്രീയ കൊലപാതകങ്ങളുടെയും സ്ത്രീകൾക്കെതിരായ അതിക്രമങ്ങളുടെയും പേരിലാണ് ഇന്ന് കേരളം ചർച്ച ചെയ്യപ്പെടുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു.
മാസപ്പടി വിഷയവും പ്രധാനമന്ത്രി ഉന്നയിച്ചു. മുഖ്യമന്ത്രിയും മകളും അന്വേഷണം നേരിടുന്നു. മാസപ്പടി കേസ് പുറംലോകമെത്തിയത് കേന്ദ്രസർക്കാർ ഇടപെടൽ മൂലം. കരുവന്നൂരും മാസപ്പടിയും വച്ച് സിപിഐഎമ്മിനെ കടന്നാക്രമിച്ച് പ്രധാനമന്ത്രി.
ഇടത് വലത് മുന്നണികളുടെ വിശ്വാസ്യത നഷ്ടപ്പെട്ടു കഴിഞ്ഞു. വർക്കല നെടുമങ്ങാട് പോലുള്ള സ്ഥലങ്ങളിൽ പോലും മയക്കുമരുന്ന് സംഘം ശക്തമാണ്. ഇതിന്റെ ക്രെഡിറ്റ് ആർക്കാണെന്നും മോദി ചോദിച്ചു. ഇന്ന് കേരളത്തിൽ പലയിടത്തും കുടിവെള്ളം കിട്ടാനില്ലെന്നും മോദി ചൂണ്ടിക്കാണിച്ചു.
കോൺഗ്രസിനും ഇടത് പാർട്ടികൾക്കും ഒരു വ്യത്യാസവും ഇല്ലെന്ന് പറഞ്ഞ മോദി രണ്ട് പേരും അഴിമതിക്കാരാണെന്നും അഴിമതി നടത്താൻ മത്സരിക്കുന്നവരാണെന്നും രൂക്ഷഭാഷയിൽ കുറ്റപ്പെടുത്തി. രണ്ടു പേരും വികസന വിരോധികളെന്നും പ്രധാനമന്ത്രി വിമർശിച്ചു.
ഈ നാട്ടിലാണ് നാരായണ ഗുരുദേവന്റെയും അയ്യങ്കാളിയുടെയും ചട്ടമ്പിസ്വാമികളുടെയും പാദസ്പർശമുണ്ടായതെന്നും അദ്ദേഹം ഓർമിപ്പിച്ചു. കാട്ടാക്കടയിലെത്താൻ താമസിച്ചതിന് ജനങ്ങളോട് ക്ഷമ ചോദിക്കുന്നതായും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.