യുഎഇയിൽ കനത്ത മഴ; വിമാന സർവീസുകൾ റദ്ദാക്കി
കനത്ത മഴയിൽ വിമാനത്താവളങ്ങളിൽ വെള്ളം കയറിയതോടെ വിമാനങ്ങൾ റദ്ദാക്കി. കൊച്ചിയില്‍ നിന്ന് യുഎഇയിലേക്കുള്ള മൂന്നു വിമാന സര്‍വീസുകള്‍ റദ്ദാക്കി. യുഎഇയിലെ പ്രതികൂല കാലാവസ്ഥയെ തുടര്‍ന്നാണ് വിമാനങ്ങള്‍ റദ്ദാക്കിയത്.ഫ്ലൈ ദുബായിയുടെ FZ 454, ഇൻഡിഗോയുടെ 6E 1475, EK 533 വിമാനങ്ങളാണ് യാത്ര റദ്ദാക്കിയത്. ദുബായിൽ നിന്നുള്ള വിമാനങ്ങളും കേരളത്തിലേക്ക് വരുന്നില്ല. ഇന്നലെ ദുബായ് വിമാനത്താവളത്തിൽ ഇറങ്ങേണ്ട മുഴുവൻ വിമാനങ്ങളും മറ്റു വിമാനത്താവളത്തിലേക്കു തിരിച്ചുവിട്ടിരുന്നു.
ചൊവ്വാഴ്ച പുലർച്ചെ മുതൽ വൈകിട്ടു വരെ പുറപ്പെടേണ്ട 21 വിമാനങ്ങളും ഇറങ്ങേണ്ട 24 വിമാനങ്ങളുമാണ് റദ്ദാക്കിയത്. 3 വിമാനങ്ങൾ മറ്റു വിമാനത്താവളങ്ങളിലേക്കു തിരിച്ചുവിട്ടു. യാത്ര പുറപ്പെടുന്നതിന് മുൻപ് അതതു എയർലൈനുകളുമായി ബന്ധപ്പെട്ട് വിമാന സമയം ഉറപ്പാക്കണം. എയർലൈനുകളുടെ വെബ്സൈറ്റിലും ഏറ്റവും പുതിയ വിവരങ്ങൾ ലഭിക്കും. യാത്രക്കാർ 4 മണിക്കൂർ മുൻപെങ്കിലും വിമാനത്താവളത്തിൽ എത്താനും നിർദേശമുണ്ട്.
മഴ മുന്നറിയിപ്പ് കണക്കിലെടുത്ത് യാത്രക്കാർക്ക് നേരത്തെ അറിയിപ്പ് നൽകിയിരുന്നു. കനത്ത മഴയിൽ ദുബായ് ടെർമിനലിലെ സാങ്കേതിക ബുദ്ധിമുട്ട് കണക്കിലെടുത്താണ് സർവീസുകൾ റദ്ദാക്കിയത്. മഴയുടെ സാഹചര്യം കണക്കിലെടുത്താകും പുനക്രമീകരണത്തിന്റെ കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുക.